ശിവസേന(യു.ബി.ടി.) പിളർന്നു; ഒമ്പതിൽ 6 എംപിമാരും സ്പീക്കർക്ക് കത്ത് നൽകി, ഉദ്ധവിന് കനത്ത തിരിച്ചടി

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു.ബി.ടി.) പിളർന്നതായി റിപ്പോർട്ടുകൾ. പാർട്ടിയുടെ ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറുപേർ പ്രത്യേക ഗ്രൂപ്പായി പിരിഞ്ഞ് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി. ഇവർ ബുധനാഴ്ച സ്പീക്കറെ കണ്ട് കത്ത് സമർപ്പിച്ചതായാണ് വിവരം. ലോക്‌സഭയിൽ ഇവരുടെ ഗ്രൂപ്പിന് പ്രത്യേക ബ്ലോക്കായി സ്പീക്കർ ഓം ബിർള അംഗീകാരം നൽകിയതായും ഇവർ അവകാശപ്പെടുന്നു. ഈ ആറ് എം.പിമാരും ഏകനാഥ് ഷിന്ദേ നയിക്കുന്ന ശിവസേനയിൽ ചേരുമെന്നാണ് സൂചന.
ലോക്‌സഭയിൽ ശിവസേന യു.ബി.ടി.ക്ക് ആകെ ഒമ്പത് എം.പി.മാരാണുള്ളത്. ഇതിൽ അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭൗ വാജെ എന്നിവരൊഴികെയുള്ള ബാക്കി എം.പിമാർ പുതിയ ഗ്രൂപ്പിൽ ചേർന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ, വിമത എം.പി.മാർ രൂപീകരിച്ച ഒരു ഗ്രൂപ്പിനും അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത്, അനിൽ ദേശായി എന്നിവരടങ്ങുന്ന യു.ബി.ടി. സംഘം സ്പീക്കറെ കണ്ട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പിളർപ്പ് വാർത്തകൾ സജീവമായ പശ്ചാത്തലത്തിൽ വ്യാഴാഴ്ച രാവിലെ 11-ന് ഡൽഹിയിൽ ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് നിർദേശിച്ച് പാർട്ടി എം.പി.മാർക്ക് വിപ്പ് നൽകി. പാർട്ടിയുടെ ലോക്‌സഭയിലെ ചീഫ് വിപ്പ് അനിൽ ദേശായിയാണ് വിപ്പ് പുറപ്പെടുവിച്ചത്. ഇതിനിടെ എം.പി.മാരെ അനുനയിപ്പിക്കാൻ പാർട്ടി അധ്യക്ഷൻ ഉദ്ധവ് ഡൽഹിയിലെത്തിയേക്കുമെന്നും വ്യാഴാഴ്ചത്തെ യോഗത്തിൽ അദ്ദേഹം പങ്കെടുത്തേക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
നേരത്തെ ചൊവ്വാഴ്ച രാത്രി ശിവസേന യു.ബി.ടി. പാർലമെന്ററി പാർട്ടി നേതാവ് അരവിന്ദ് സാവന്ത് സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചിരുന്നു. പാർട്ടി വിട്ടുപോകുന്ന എം.പി.മാർ പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കണമെന്നോ മറ്റ് രാഷ്ട്രീയ പാർട്ടിയിൽ ലയിക്കണമെന്നോ ആവശ്യപ്പെട്ട് നടത്തുന്ന ഒരു അവകാശവാദവും അംഗീകരിക്കരുതെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
Content Highlights: Six out of the nine Lok Sabha MPs from the Uddhav Thackeray-led Shiv Sena UBT faction have rebelled and sought recognition for a separate block from Speaker Om Birla, prompting the party leadership to issue a strict parliamentary whip.