മന്ത്രിസഭാ അഴിച്ചുപണിയിലൂടെ പങ്കജമുണ്ടെയുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമം-സേന

പങ്കജ മുണ്ടെ |ഫോട്ടോ:PTI
പങ്കജ മുണ്ടെ |ഫോട്ടോ:PTI

മുംബൈ:രാജ്യസഭാ അംഗം ഭഗവത് കാരാദിനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് പങ്കജ മുണ്ടെയുടെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യം കുറിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് ശിവസേന. ബിജെപിയുടെ മുതിര്‍ന്ന നേതാവായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ മുണ്ടെ. ഇവരുടെ സഹോദരിയും രണ്ട് തവണ എംപിയുമായിട്ടുള്ള പ്രീതം മുണ്ടയെ ഇത്തവണ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ നിന്ന്  ആദ്യമായി രാജ്യസഭയിലെത്തിയ ഭഗവത് കാരാദ് അപ്രതീക്ഷിതമായി മന്ത്രിസഭയില്‍ ഇടംനേടുകയായിരുന്നു. 

മുന്‍ മഹാരാഷ്ട്ര മന്ത്രികൂടിയായിട്ടുള്ള പങ്കജ മുണ്ടെയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കുകയാണ് ബിജെപി ഇതിലൂടെ ലക്ഷ്യമിട്ടതെന്നാണ് ശിവസേന ആരോപിക്കുന്നത്. പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയലിലാണ് ശിവസേന ഇത്തരത്തില്‍ ആരോപണം ഉന്നിയിക്കുന്നത്.

'പ്രീതം മുണ്ടെയെ തഴഞ്ഞ് ഗോപിനാഥ് മുണ്ടെയുടെ നിഴലില്‍ വളര്‍ന്ന കാരാദിനെ മന്ത്രിയാക്കിയത് പങ്കജ മുണ്ടെയുടെ രാഷ്ട്രീയം ജീവിതം അവസാനിപ്പിക്കുക എന്നത് ലക്ഷ്യമിട്ടാണ്. പങ്കജയും കാരാദും ഉള്‍പ്പെടുന്ന വഞ്ചാര സമുദായത്തില്‍ ഒരു വിള്ളല്‍ വീഴ്ത്തിയാണ് ബിജെപി ലക്ഷ്യം കാണാന്‍ ശ്രമിച്ചത്' സാമ്‌ന പറഞ്ഞു.

കുറച്ച് കാലമായി ബിജെപി നേതൃത്വവുമായി അത്ര നല്ല അടുപ്പത്തിലല്ല പങ്കജ മുണ്ടെ.

ഭാരതി പവാറിനേയും കപില്‍ പാട്ടിലിനേയും കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് ബിജെപി അനുഭാവികളുടെ മുറിമുകളില്‍ ഉപ്പ് പുരട്ടിയതിന് തുല്യമാണെന്നും ശിവസേന പറയുന്നു.

നാരായണ്‍ റാണയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് നല്ല കാര്യമാണ്. നേരത്തെ കോണ്‍ഗ്രസിലും ശിവസേനയിലും പ്രവര്‍ത്തിച്ച റാണെ യഥാര്‍ത്ഥത്തില്‍ ബിജെപിയില്‍ നിന്നുള്ള ആളല്ലെന്നും ശിവസേന കൂട്ടിച്ചേര്‍ത്തു.

Content Highlights: