മണ്ഡല പുനർനിർണയ ബില്ലിന് അകാലിദളിന്റെ പിന്തുണ; മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രഖ്യാപനം

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ ബില്ലിനും വനിതാസംവരണ ബില്ലിനും പിന്തുണ പ്രഖ്യാപിച്ച് ശിരോമണി അകാലിദൾ. വെള്ളിയാഴ്ച പാർലമെന്റിൽവെച്ച് അകാലിദൾ അധ്യക്ഷൻ സുഖ്‌ബീർ സിങ് ബാദൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം. നിലവിൽ എൻഡിഎയ്ക്ക് പുറത്തുള്ള ഒരു കക്ഷിയിൽനിന്ന് ബില്ലിന് ലഭിക്കുന്ന ആദ്യത്തെ പരസ്യ പിന്തുണയാണിത്.
മണ്ഡല പുനർനിർണയത്തിലൂടെ രാജ്യത്ത് വനിതാസംവരണം എത്രയുംവേഗം നടപ്പാക്കണമെന്ന് ചണ്ഡിഗഡിൽ ചേർന്ന അകാലിദൾ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സ്ത്രീകളുടെ അന്തസ്സും തുല്യതയും ഉയർത്തിപ്പിടിച്ച സിഖ് ഗുരുക്കന്മാരുടെ കാഴ്ചപ്പാടാണ് വനിതാ സംവരണത്തെ പിന്തുണയ്ക്കാൻ തങ്ങൾക്ക് പ്രചോദനമായതെന്ന് സുഖ്‌ബീർ സിങ് ബാദൽ പറഞ്ഞു. മുൻപ് ബില്ലിനെ അകാലിദൾ ശക്തമായി എതിർത്തിരുന്നു.
2027-ൽ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ, ബിജെപിയുമായി വീണ്ടും രാഷ്ട്രീയ സഖ്യത്തിനുള്ള സാധ്യതകൾ ഉണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ നീക്കം. മുൻപ് കർഷക സമരവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് എൻഡിഎ സഖ്യംവിട്ട പാർട്ടിയാണ് അകാലിദൾ.
തുടർന്ന് 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇരു പാർട്ടികളും ഒറ്റയ്ക്കാണ് മത്സരിച്ചത്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ ബിജെപിക്ക് ഒരു സീറ്റും നേടാനായില്ല. അകാലിദൾ ഒരു സീറ്റിൽ ഒതുങ്ങുകയും ചെയ്തിരുന്നു.
Content Highlights: SAD officially supports the Delimitation and Women's Reservation Bills., The decision follows a key meeting between Sukhbir Singh Badal and PM Narendra Modi., Shift in stance marks a potential reconciliation between BJP and SAD in Punjab., SAD demands a 50% increase in legislative seats across all states., Reflects a strategic move to address the political vacuum post-2024 elections.