സന്ദേശ്ഖാലി കേസ്: ഷാജഹാന് ശൈഖിനെ ആറുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയില്‍ നടന്ന അതിക്രമങ്ങളില്‍ മുഖ്യപ്രതിയായി പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഷാജഹാന് ശൈഖിനെ ആറുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ്. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം, ഭൂമി കൈയേറ്റം തുടങ്ങിയ ആരോപണങ്ങളാണ് ഷാജഹാന് ശൈഖിനും കൂട്ടാളികള്‍ക്കുമെതിരെയുള്ളത്.
സസ്പെന്‍ഷനിലായതോടെ പാര്‍ട്ടിയില്‍ വഹിച്ചിരുന്ന എല്ലാ സ്ഥാനങ്ങളില്‍നിന്നും ചുമതലകളില്‍നിന്നും ഷാജഹാന് ഒഴിവാക്കപ്പെടും. തൃണമൂല്‍ നേതാക്കളായ ഡെരെക് ഒബ്റിയാന്‍, ബ്രത്യ ബസു എന്നിവര്‍ചേര്‍ന്ന് പത്രസമ്മേളനത്തിലൂടെയാണ് ഷാജഹാന് ശൈഖിനെ സസ്പെന്‍ഡ് ചെയ്തതായുള്ള വിവരം അറിയിച്ചത്. ഷാജഹാനെതിരായ കേസിനെ മുന്‍നിര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസിനെ മനഃപൂര്‍വം പ്രതിരോധത്തിലാക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് ഇവര്‍ കുറ്റപ്പെടുത്തി.
അറസ്റ്റിലായ നേതാവിനെ സസ്പെന്‍ഡ് ചെയ്താണ് തൃണമൂല്‍ കോണ്‍ഗ്രസ് രാഷ്ട്രീയ പ്രതിപദ്ധത കാണിച്ചതെന്നും ഇതിന് ബിജെപി സര്‍ക്കാരും തയ്യാറാകണമെന്നും തൃണമൂല്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ലൈംഗിക ആരോപണം നേരിടുന്ന ബ്രിജ്ഭൂഷണെ സസ്പെന്‍ഡ് ചെയ്യാന്‍ ബിജെപി തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച പശ്ചിമബംഗാള്‍ സന്ദര്‍ശിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടികളെന്നതും ശ്രദ്ധേയമാണ്.
ഒളിവില്‍ കഴിഞ്ഞിരുന്ന ഷാജഹാനെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്ന് ബുധനാഴ്ച അര്‍ധരാത്രിയോടെ ബംഗാള്‍ പോലീസിന്റെ പ്രത്യേക സംഘമാണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ ബംഗാളിലുടനീളം വ്യാപകമായ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയിരുന്നത്. ഷാജഹാന് ശൈഖിനെ അറസ്റ്റ്ചെയ്യാന്‍ സംസ്ഥാന പോലീസിനുപുറമേ ഇ.ഡി.ക്കും സി.ബി.ഐ.ക്കും അധികാരമുണ്ടെന്ന് കല്‍ക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ബംഗാള്‍ പോലീസ് ഇയാളെ പിടികൂടിയത്. ഷാജഹാന് ശൈഖിന്റെ അനുയായികള്‍ സ്തീകളെ പാര്‍ട്ടി ഓഫീസില്‍ കൊണ്ടുപോയി ദിവസങ്ങളോളം ലൈംഗികമായി ഉപദ്രവിക്കുന്നുവെന്നാണ് പ്രദേശത്തെ സ്ത്രീകളുടെ ഗുരുതര ആരോപണങ്ങളില്‍ പ്രധാനപ്പെട്ടത്. ഭീഷണിപ്പെടുത്തി തങ്ങളുടെ ഭൂമി കൈവശപ്പെടുത്തുന്നുവെന്നും ജോലിചെയ്യിച്ച ശേഷം കൂലിനല്‍കാതെ മര്‍ദിക്കുന്നെന്നും സ്ത്രീകള്‍ ആരോപിച്ചിരുന്നു.
Content Highlights: sheikh shajahan suspended from trinamool congress following sandeshkhali case arrest