സസ്‌പെന്‍ഷന്‍ പ്രവചിച്ച് തരൂരിന്റെ പോസ്റ്റ്,പിന്നാലെ നടപടി;'ജനാധിപത്യത്തോടുള്ള വഞ്ചന'

ശശി തരൂർ എം.പി. പാർലമെൻ്റ് പ്രതിഷേധത്തിനിടെ | Photo: ANI
ശശി തരൂർ എം.പി. പാർലമെൻ്റ് പ്രതിഷേധത്തിനിടെ | Photo: ANI

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ നിന്ന് പ്രതിപക്ഷ എം.പി.മാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധങ്ങളുയരുമ്പോള്‍ സസ്‌പെന്‍ഷന്‍ പ്രവചിച്ച് ശശി തരൂര്‍ എം.പി. എക്‌സില്‍ പങ്കുവെച്ച പോസ്റ്റ് ചര്‍ച്ചയാകുന്നു. ആദ്യമായാണ് പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധത്തിനിറങ്ങുന്നതെന്നും തനിക്കും സസ്‌പെന്‍ഷന്‍ ലഭിച്ചേക്കാമെന്നുമായിരുന്നു കൂട്ടസസ്പെൻഷനെതിരെ പ്രതിഷേധത്തിനിറങ്ങുന്നതിനു തൊട്ടുപിന്നാലെ തരൂരിന്റെ പോസ്റ്റ്.

പാര്‍ലമെന്റംഗമായി ചുമതലയേറ്റ 15 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായി, സുരക്ഷാവീഴ്ചയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുമായി സഭയുടെ നടുത്തളത്തില്‍ പ്രതിഷേധത്തിനിറങ്ങി. സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയതിന് അന്യായപരമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍ഗ്രസിലെ എന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പ്രതിഷേധം. സസ്‌പെന്‍ഷന്‍ തന്നെയാകും എന്നെയും കാത്തിരിക്കുന്നത്. എന്നാല്‍ തികച്ചും ന്യായരഹിതമായ ഒരു നടപടിക്കെതിരെ പ്രതിഷേധിച്ചതിനു ലഭിച്ച അംഗീകാരമായേ ഞാനതിനെ കാണുന്നുള്ളൂ.- എന്നായിരുന്നു തരൂരിന്റെ പോസ്റ്റ്.

ഇതിനു പിന്നാലെയാണ് തരൂർ ഉൾപ്പടെയുള്ള പ്രതിപക്ഷ എം.പി.മാർ സസ്പെൻഷൻ നേരിട്ടത്. പ്രതിപക്ഷമില്ലാത്ത ലോക്‌സഭയാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യമെന്നും രാജ്യസഭയിലും സമാനമായ നടപടികളിലേക്ക് മോദി സര്‍ക്കാര്‍ കടക്കുമെന്നുമായിരുന്നു സസ്‌പെന്‍ഷന്‍ ലഭിച്ചതിനു ശേഷമുള്ള തരൂരിന്റെ പ്രതികരണം. നിര്‍ഭാഗ്യവശാല്‍ ജനാധിപത്യത്തിന്റെ ചരമവാര്‍ത്തകളെഴുതേണ്ട ഗതികേടിലാണ് നമ്മള്‍. ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് ഞങ്ങളെ സസ്‌പെന്‍ഡ് ചെയ്തു. അതിനര്‍ഥം സഭയില്‍ ബില്ലുകള്‍ യാതൊരു എതിര്‍പ്പുകളുമില്ലാതെ അവര്‍ക്ക് പാസാക്കണമെന്നാണ്. പാര്‍ലമെന്ററി ജനാധിപത്യത്തോടുള്ള വഞ്ചനയായാണ് ഞാനിതിനെ കണക്കാക്കുന്നത്.- തരൂർ വ്യക്തമാക്കി. 

ലോക്‌സഭയിലുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷാം​ഗങ്ങളെയാണ് കൂട്ടത്തോടെ സസ്പെൻഡ് ചെയ്തത്.  141 പ്രതിപക്ഷ എം.പിമാർക്കാണ് പ്രതിഷേധത്തിൻ്റെ പേരിൽ സസ്പെൻഷൻ നേരിട്ടത്.

Content Highlights: shashi tharoors post before mps mass suspension over protest on parliament security breach