നളന്ദ സർവകലാശാല നവീകരണം; കേന്ദ്ര സർക്കാരിനെ പ്രകീർത്തിച്ച് തരൂർ

ന്യൂഡൽഹി: നളന്ദ സർവകലാശാലയുടെ നവീകരണത്തിനും വികസനത്തിനും കേന്ദ്രസർക്കാർ നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. രാജ്യത്തിനുവേണ്ടി വിദേശകാര്യ മന്ത്രാലയം ചെയ്യുന്ന വിവിധ സംഭാവനകളിലെ അത്ഭുതകരമായ നേട്ടമാണിതെന്ന് തരൂർ പറഞ്ഞു. ബിഹാറിലെ രാജ്‌ഗിറിൽ നടന്ന നളന്ദ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ തരൂർ സാഹിത്യത്തെയും ആശയങ്ങളെയും കുറിച്ചുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കാനുള്ള അവസരമാണിതെന്നും കൂട്ടിച്ചേർത്തു.
“ഡോ. എസ്. ജയശങ്കറിനും വിദേശകാര്യ മന്ത്രാലയത്തിനും ഈ അത്ഭുതകരമായ നേട്ടത്തിന് എന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ” എന്ന് നിതി ആയോഗ് മുൻ ചെയർപേഴ്‌സൺ അമിതാഭ് കാന്തിന്റെ ഒരു എക്സ് പോസ്റ്റ് പങ്കുവെച്ച് തരൂർ കുറിച്ചു.
Couldn’t agree more @amitabhk87 ! I was hugely impressed by the Nalanda University campus while attending the @nalandalitlive. My warm congratulations to @DrSJaishankar and @IndianDiplomacy for this wonderful achievement, which deserves a higher rating among the many unsung… https://t.co/hHo2IscQ7m
— Shashi Tharoor (@ShashiTharoor) December 23, 2025
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും തരൂർ പ്രശംസിച്ചു. "ഞാൻ കേട്ടതിനേക്കാൾ അടിസ്ഥാന സൗകര്യങ്ങൾ വളരെ മികച്ചതാണെന്ന കാര്യത്തിൽ സംശയമില്ല. റോഡുകൾ മെച്ചപ്പെട്ടു. രാത്രി വൈകിയും ആളുകൾ തെരുവുകളിൽ ഇറങ്ങുന്നു. മുൻകാലങ്ങളിൽ അങ്ങനെ ആയിരുന്നില്ല. വൈദ്യുതി, ജല വിതരണം തുടങ്ങി മറ്റെല്ലാ കാര്യങ്ങളും സുഗമമായി നടക്കുന്നു, തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. നിതീഷ് കുമാറിനെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം ഒഴിഞ്ഞുമാറി "എന്നെ രാഷ്ട്രീയത്തിലേക്ക് വലിച്ചിടരുത്. തീർച്ചയായും ഈ വികസനത്തിൽ ഞാൻ സന്തോഷവാനാണ്. ബിഹാറിലെ ജനങ്ങളും അവരുടെ പ്രതിനിധികളും അഭിനന്ദനം അർഹിക്കുന്നു."
നാല് തവണ ലോക്സഭാ എംപിയായ തരൂർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ടുള്ള ഒട്ടേറെ അഭിപ്രായങ്ങൾ പങ്കുവെച്ചതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് എതിർപ്പ് നേരിടുന്നുണ്ട്. എന്നിരുന്നാലും പാർലമെന്റ് സമ്മേളനത്തിൽ അദ്ദേഹം കോൺഗ്രസിന് വേണ്ടി വാദിക്കാൻ രംഗത്തെത്തുകയും അടുത്തിടെ പാസാക്കിയ വിബി ജി റാം ജി ഗ്രാമീണ തൊഴിൽ ഗ്യാരണ്ടി പദ്ധതിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: Congress leader Shashi Tharoor lauds government`s work on Nalanda University, calling it a remarkable achievement. He also praised Bihar`s infrastructure development under Nitish Kumar.