'ഒടുവിൽ 400 സീറ്റ് നേട്ടം യാഥാർഥ്യമായി, പക്ഷേ അത് ഇവിടെയല്ല'; ബിജെപിയെ പരിഹസിച്ച് തരൂര്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് 400 സീറ്റ് നേടുമെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബി.ജെ.പിയ്ക്കുമെതിരെ കടുത്ത പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. യു.കെ. തിരഞ്ഞെടുപ്പിന്റെ ഫലം വന്ന പശ്ചാത്തലത്തിലായിരുന്നു തരൂരിന്റെ പരിഹാസം. യു.കെയില്‍ 400-ലേറെ സീറ്റ് നേടി ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നതുമായി ചേര്‍ത്തായിരുന്നു ബി.ജെ.പിക്കെതിരായ അദ്ദേഹത്തിന്റെ ട്വീറ്റ്.
'ഒടുവില്‍ 'അബ് കി ബാര്‍ 400 പാര്' സംഭവിച്ചിരിക്കുന്നു - പക്ഷേ മറ്റൊരു രാജ്യത്താണെന്ന് മാത്രം!' -ശശി തരൂര്‍ സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ 370 സീറ്റ് ബി.ജെ.പിക്കും 400-ലേറെ സീറ്റ് എന്‍.ഡി.എയ്ക്കും ലഭിക്കുമെന്ന് പ്രധാനമന്ത്രിയും ബിജെപിയും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ബി.ജെ.പി 63 സീറ്റുകള്‍ നഷ്ടപ്പെട്ട് 240 സീറ്റിലേക്ക് ഒതുങ്ങി. 50 സീറ്റുകള്‍ കുറഞ്ഞ് 293 സീറ്റോടെയാണ് എന്‍.ഡി.എ. ഇപ്പോള്‍ ഭരിക്കുന്നത്.
യു.കെയില്‍ വമ്പന്‍ വിജയമാണ് ലേബര്‍ പാര്‍ട്ടി സ്വന്തമാക്കിയത്. 650 അംഗ പാര്‍ലമെന്റില്‍ മോദിയുടെ 'ചാര് സൗ പാര്' മുദ്രാവാക്യം പോലെ 412 സീറ്റാണ് ലേബര്‍ പാര്‍ട്ടിക്ക് ലഭിച്ചത്. ഇന്ത്യന്‍ വംശജനായ മുന്‍ പ്രധാനമന്ത്രി ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 121 സീറ്റ് മാത്രമേ ലഭിച്ചുള്ളൂ.
Content Highlights: Shashi Tharoor's 'finally 400 paar' dig at BJP as UK Labour secures 412 seats