ഭർതൃബലാത്സംഗം ഗൗരവമായി കാണാത്ത ജനാധിപത്യരാജ്യമാണ് ഇന്ത്യ എന്നത് ആശ്ചര്യപ്പെടുത്തുന്നു – ശശി തരൂര്‍

#ന്യൂസ് ഡെസ്ക്
ശശി തരൂര്‍ Photo :  PTI
ശശി തരൂര്‍ Photo : PTI

കൊൽക്കത്ത: ഭർതൃബലാത്സംഗം ഗൗരവമായി കാണാത്ത ജനാധിപത്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്നതിൽ ആശ്ചര്യം തോന്നുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. ശക്തമായ ബലാത്സംഗവിരുദ്ധ നിയമങ്ങൾ നിലവിലിരിക്കെയാണ് ഈ അവസ്ഥയെന്നും തരൂർ പറഞ്ഞു. പ്രഭ ഖൈത്താൻ ഫൗണ്ടേഷനും എഫ്ഐസിസിഐ ലേഡീസ് ഓർഗനൈസേഷനും സംയുക്തമായി സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ലോകത്തിലെ ചുരുക്കം ചില ജനാധിപത്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇവിടെ ഭർത്താവ്  ഭാര്യയെ ബലാത്സംഗം ചെയ്യുന്നതിനെ അർഹിക്കുന്ന ഗൗരവത്തോടെ കാണുന്നില്ല എന്നത് ആശ്ചര്യപ്പെടുത്തുകയാണ്." ഇന്ത്യയിൽ ശക്തമായ ബലാത്സംഗവിരുദ്ധ നിയമങ്ങളുണ്ട്. എന്നാൽ, ഭർത്താക്കന്മാർക്ക് ഇതിൽ ഇളവുകളുണ്ട്. അനുമതിയില്ലാതെ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നതിനാൽ ഇത് ഭർതൃബലാത്സംഗം തന്നെയാണെന്നും തരൂർ പറഞ്ഞു. ഒരു വ്യക്തി തന്റെ പങ്കാളിയെ ബഹുമാനിക്കാതെ, പങ്കാളിയുടെ ഇഷ്ടത്തിനെ‌തിരേ ലൈംഗികബന്ധം എന്ന പേരിൽ ബലാത്സംഗം ചെയ്യുന്നത് നിയമലംഘനവും സ്ത്രീകൾക്കെതിരെയുള്ള അക്രമവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ വ്യവസ്ഥയനുസരിച്ച് വിവാഹം വിശുദ്ധമായ ഒരു പ്രക്രിയയാണ്. അതിനുള്ളിൽ നടക്കുന്ന ഒന്നും മറ്റെന്തെങ്കിലും ആയി കണക്കാക്കാൻ കഴിയില്ല എന്ന കാലഹരണപ്പെട്ട അനുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. "രാജ്യത്ത് ഗാർഹിക ബലാത്സംഗത്തിനെതിരായ ശക്തമായ നിയമം ആവശ്യമാണെന്നാണ് ഞാൻ കരുതുന്നത്. ദുഃഖകരമെന്നു പറയട്ടെ, പ്രത്യേക വകുപ്പുകൾ കൈകാര്യം ചെയ്യുന്ന വനിതാമന്ത്രിമാർ പോലും ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തിയിട്ടില്ല"- അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ ലഭിക്കുന്ന ഇളവ് നീതിക്ക് എതിരാണെന്നും വേർപിരിഞ്ഞു കഴിയുന്ന ദമ്പതിമാർക്കിടയിൽ പോലും ഇത് നിയമനടപടികളിൽ നിന്ന് സംരക്ഷണം നൽകുന്നുണ്ടെന്നും തരൂർ പറഞ്ഞു.

‌ഭർതൃബലാത്സംഗം ലൈംഗിക ബന്ധത്തിനുള്ളിൽ അനുവദനീയമാണെന്ന നിശബ്ദമായ വ്യവസ്ഥ നിലനിൽക്കുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾക്കായി നാം നിലകൊള്ളണം, പലപ്പോഴും അവ അവഗണിക്കപ്പെടുന്നു. നമ്മൾ അതിനായി ശബ്ദമുയർത്തണം"-തരൂർ പറഞ്ഞു.

Content Highlights: Shashi Tharoor expresses dismay over India`s failure to treat marital rape seriously, despite strong laws. A crucial discussion on women`s rights and legal reform.