അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങളെയ്യുക, കാപട്യങ്ങളെ തുറന്നുകാട്ടുക, കീപ്പ് ക്ലോക്കിങ് ഇറ്റ്, ജെൻ സീ...

ജനാധിപത്യവ്യവസ്ഥിതിയിൽ ഭരണകൂടത്തിന് ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിൽനിന്ന് എന്നെന്നേക്കുമായി ഒഴിഞ്ഞുമാറാനാകില്ല എന്ന സത്യത്തിന്റെ അംഗീകാരമാണ് വിദ്യാഭ്യാസമന്ത്രിയുടെ രാജി. രാജ്യത്തുടനീളമുള്ള, അവഗണിക്കപ്പെടാൻ തയ്യാറല്ലാത്ത വിദ്യാർഥികളും രക്ഷിതാക്കളും സാധാരണപൗരരും ആഴ്ചകളോളം സമാധാനപരമായും നിശ്ചയദാർഢ്യത്തോടെയും ഉയർത്തിയ ശബ്ദങ്ങൾക്കൊടുവിലാണ് രാജിയുണ്ടായത്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം വിനിയോഗിച്ചതിന്റെ പേരിൽ ഒട്ടേറെ യുവാക്കൾക്ക് അനാവശ്യമായ പോലീസ് അതിക്രമവും ബലപ്രയോഗവും നേരിടേണ്ടിവന്നതിനുശേഷമാണ് ഈ തീരുമാനം. രാഷ്ട്രീയനിലപാടുകൾക്ക് അതീതമായി ഓരോ പൗരനെയും ആശങ്കപ്പെടുത്തുന്ന വിഷയമാണിത്.
ജെൻ സീകളോട് പറയാനുള്ളത്
വിദ്യാഭ്യാസമന്ത്രിയുടെ രാജി സുപ്രധാന നിമിഷമാണ്. അത് ജനാധിപത്യത്തിന്റെ അടിസ്ഥാനതത്ത്വങ്ങളിലൊന്നിനെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു; പൗരർ സമാധാനപരമായും നിരന്തരമായും ശബ്ദമുയർത്തുമ്പോൾ ഒരു സർക്കാരിനും അതിനോട് നിസ്സംഗത പുലർത്താനാവില്ല.
ഒരാളുടെ രാജിയെന്നതിലുപരി യുവതലമുറയുടെയാകെ കാര്യമാണിത്. ജെൻ സീ, നിങ്ങളെക്കുറിച്ചോർത്ത് ഞാൻ ഏറെ അഭിമാനിക്കുന്നു. നിങ്ങൾ, നിങ്ങളുടെ നിരാശയെ പ്രവൃത്തിയിൽ കൊണ്ടുവന്നു. രോഷത്തെ ധൈര്യത്തോടെയും സർഗാത്മകതയോടെയും ഉറച്ചബോധ്യത്തോടെയും ജനാധിപത്യപ്പോരാട്ടമാക്കി മാറ്റി. നിങ്ങളെ നിശ്ശബ്ദരാക്കാൻ ആരെയും അനുവദിച്ചില്ല. ജനാധിപത്യം ഭരിക്കുന്നവരുടേതുമാത്രമല്ല, ഭരണാധികാരികളെ ഉത്തരവാദിത്വമുള്ളവരാക്കുന്ന ജനങ്ങളുടേതുകൂടിയാണെന്ന് നിങ്ങൾ രാജ്യത്തെ ഓർമ്മിപ്പിച്ചു.
മീമുകളുണ്ടാക്കുന്നത് തുടരുക. വ്യത്യസ്തമായി ചിന്തിക്കുകയും നിർഭയമായി നിലപാടുകൾ പ്രകടിപ്പിക്കുകയുംചെയ്ത് മുന്നോട്ടുപോവുക. പലരെയും അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങളെയ്യുന്നത് നിർത്തരുത്. കാപട്യങ്ങളെ തുറന്നുകാട്ടുക. എല്ലാറ്റിനുമുപരി, പൊതുജീവിതത്തിൽ സജീവമായി തുടരുക.
ഒരു മന്ത്രി രാജിവെച്ചതുകൊണ്ടുമാത്രം ദശലക്ഷക്കണക്കിന് യുവ ഇന്ത്യക്കാർ അനുഭവിച്ച ഉത്കണ്ഠയും അനിശ്ചിതത്വവും കഷ്ടപ്പാടുകളും മായ്ച്ചുകളയാനാകില്ല. അതുകൊണ്ടുമാത്രം രാജ്യത്തെ പരീക്ഷാസംവിധാനങ്ങൾക്കുമേലുള്ള വിശ്വാസം പുനഃസ്ഥാപിക്കപ്പെടില്ല. അതിന് സുതാര്യമായ അന്വേഷണം വേണം. നിങ്ങളുടെ ശബ്ദം വെറുതേയായില്ല. നിങ്ങളുടെ ധൈര്യത്തിന് വിലയുണ്ടായി. നമ്മുടെ ജനാധിപത്യത്തെ നിങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയിരിക്കുന്നു. കീപ്പ് ക്ലോക്കിങ് ഇറ്റ്, ജെൻ സീ.
നിങ്ങളുടെ ശബ്ദത്തിന് ഇന്ത്യയെ മാറ്റിമറിക്കാനുള്ള ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നത് തുടരുക. അത് സാധ്യമാണെന്ന് ഇന്ന് നിങ്ങൾ തെളിയിച്ചു.
എന്നാൽ, ഒരു രാജിയോടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. ഈ സാഹചര്യത്തിലേക്ക് നമ്മെ നയിച്ച ആഴത്തിലുള്ള വീഴ്ചകൾ സുതാര്യമായ പരിഷ്കാരങ്ങളിലൂടെയും സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ഉറപ്പാക്കുന്നതിലൂടെയും ഒാരോ ചെറുപ്പക്കാരുടെയും ഭാവി വീണ്ടും അപകടത്തിലാകാതിരിക്കാനുള്ള ദൃഢനിശ്ചയത്തിലൂടെയും പരിഹരിക്കപ്പെടണം. സമാധാനപരമായി തെരുവിലിറങ്ങി, ശബ്ദമുയർത്തി, ചെറുത്തുനിന്ന വിദ്യാർഥികൾക്ക് ഇതൊരു കഥയുടെ പര്യവസാനമല്ലെന്നും യഥാർഥ പരിഷ്കാരങ്ങളുടെ തുടക്കമാണെന്നും ഉറപ്പുനൽകേണ്ട സമയമാണിത്.
(കാപട്യവും അനീതിയും തുറന്നുകാട്ടുക എന്നതിന് ജെൻ സീകൾ ഉപയോഗിക്കുന്ന പ്രയോഗമാണ് ‘ക്ലോക്ക് ഇറ്റ്’)
Content Highlights: Senior Congress leader Shashi Tharoor commended Gen Z students for using their voice, creativity, and peaceful persistence to hold the government accountable, calling the Education Minister's resignation a historic triumph of democratic student power.