'മോദി രാഷ്ട്രീയ പ്രചാരണത്തിന് സൈന്യത്തെ ഉപയോഗിക്കുന്നു';തരൂർ ബുക്കിലെഴുതിയത് ഓര്‍മിപ്പിച്ച് കോൺഗ്രസ്

ന്യൂഡല്‍ഹി: ശശി തരൂരും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള ബന്ധം പുതിയൊരു വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്. ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട് വിദേശ സന്ദര്‍ശനത്തിനുള്ള കേന്ദ്ര പ്രതിനിധി സംഘത്തലവനായി തിരഞ്ഞെടുത്തതിന് പിന്നാലെ തരൂരും കോണ്‍ഗ്രസ് നേതാക്കളും കൊമ്പുകോര്‍ത്തിരുന്നു. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പാനമയിലെ ഇന്ത്യന്‍ എംബസിയില്‍ വിദേശ പ്രതിനിധികളുമായി സംസാരിക്കുമ്പോള്‍ ശശി തരൂര്‍ കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തിയതിലാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇതിന് മറുപടിയുമായി ശശി തരൂരും രംഗത്തെത്തിയിരുന്നു. മോദി രാഷ്ട്രീയ പ്രചാരണത്തിന് സൈന്യത്തെ ഉപയോഗിക്കുന്നുവെന്ന് തരൂര്‍ മുമ്പ് തന്റെ പുസ്തകത്തിലെഴുതിയത് ഓര്‍മിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മാധ്യമ-പ്രചാരണ വിഭാഗം ചെയര്‍മാനുമായ പവന്‍ഖേര.
'2018-ല്‍ പുറത്തിറക്കിയ 'ദ പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍' എന്ന തന്റെ പുസ്തകത്തില്‍ മിന്നലാക്രമണത്തെക്കുറിച്ച് തരൂര്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു' എന്ന് പവന്‍ ഖേര എക്‌സില്‍ കുറിച്ചു. തരൂര്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന പുസ്തകത്തിലെ ഭാഗവും പവന്‍ ഖേര എക്‌സില്‍ പങ്കുവെച്ചു.
2016-ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കുകളെയും മ്യാന്‍മറില്‍ വിമതരെ പിന്തുടര്‍ന്നുള്ള ഒരു സൈനിക നടപടിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണോപാധിയായി നാണംകെട്ട രീതിയിലാണ് ചൂഷണം ചെയ്തിട്ടുള്ളത്. മുമ്പ് അത്തരം നിരവധി നടപടികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് ഒരിക്കലും ചെയ്യാത്ത ഒന്നാണിതെന്നും തരൂര്‍ പുസ്തകത്തില്‍ കുറിച്ചിരുന്നു.
എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പാനമയില്‍ ഇന്ത്യന്‍ എംബസിയില്‍ വിദേശ പ്രതിനിധികളുമായി സംസാരിക്കുമ്പോള്‍ ശശി തരൂര്‍ കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തിയിരുന്നു.
സമീപവര്‍ഷങ്ങളില്‍ വന്ന മാറ്റമെന്തെന്നാല്‍ ആക്രമണം നടത്തിയാല്‍ വലിയവില നല്‍കേണ്ടിവരുമെന്ന് ഭീകരര്‍ക്കും മനസ്സിലായി എന്നതാണെന്നാണ് ശശി തരൂര്‍ ഇന്ത്യന്‍ എംബസിയില്‍ സംസാരിക്കവേ പറഞ്ഞത്. അക്കാര്യത്തില്‍ സംശയമില്ല. ഉറി ഭീകരാക്രമണത്തിനു പിന്നാലെ, മിന്നലാക്രമണത്തിനായി ഇന്ത്യ നിയന്ത്രണരേഖ കടന്നു. അത് മുന്‍പ് സംഭവിക്കാത്തതാണ്. കാര്‍ഗില്‍ യുദ്ധസമയത്തുപോലും ഇന്ത്യ നിയന്ത്രണരേഖ കടന്നിട്ടില്ല -തരൂര്‍ പറഞ്ഞു.
2019 ജനുവരിയില്‍ പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ, സായുധസേന നിയന്ത്രണരേഖ കടക്കുക മാത്രമല്ല, അതിര്‍ത്തി ഭേദിച്ച് ബാലാകോട്ടിലെ ഭീകരരുടെ താവളങ്ങളില്‍ ആക്രമണം നടത്തിയതായും തരൂര്‍ പറഞ്ഞു. അതില്‍ രാജ്യം മുന്‍പത്തേതിലും മുന്നോട്ടുപോയി. ഓപ്പറേഷന്‍ സിന്ദൂറില്‍ നിയന്ത്രണരേഖയും അന്താരാഷ്ട്ര അതിര്‍ത്തിയും കടന്നു എന്നുമാത്രമല്ല, പാകിസ്താനില്‍ പഞ്ചാബി ഹൃദയഭൂമിയില്‍ ഒമ്പത് സ്ഥലങ്ങളിലെ ഭീകരതാവളങ്ങള്‍, പരിശീലനകേന്ദ്രങ്ങള്‍ എന്നിവയ്ക്കു നേരെയും ആക്രമണം നടത്തിയതായി തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് തരൂരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി രംഗത്തെത്തിയിരുന്നു.
ബിജെപിയുടെ സൂപ്പര്‍ വക്താവായി തരൂരിനെ പ്രഖ്യാപിക്കണമെന്ന് ഉദിത് രാജ് പരിഹസിച്ചു. ബിജെപി നേതാക്കള്‍പോലും ചെയ്യാത്ത മോദി വാഴ്ത്തലാണ് തരൂര്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരോക്ഷ പിന്തുണയോടെയാണ് ഉദിത് രാജിന്റെ വിമര്‍ശനങ്ങളെന്നും ആരോപണമുയര്‍ന്നു. പിന്നാലെ തരൂര്‍ എക്‌സിലൂടെ മറുപടി നല്‍കയും ചെയ്തിരുന്നു.
തനിക്ക് ഇതിനൊന്നും സമയമില്ലെന്നും ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും വ്യക്തമാക്കിയാണ്തരൂര്‍ മറുപടി നല്‍കിയത്.താന്‍ വ്യക്തമായും സ്പഷ്ടമായും സംസാരിച്ചത് ഭീകരാക്രമണങ്ങള്‍ക്കുള്ള തിരിച്ചടികളെക്കുറിച്ചാണ്, അല്ലാതെ മുന്‍കാല യുദ്ധങ്ങളെക്കുറിച്ചല്ലെന്നും തരൂര്‍ പറയുകയുണ്ടായി.
Content Highlights: In Shashi Tharoor vs Congress, A 2018 Book Reminder By Pawan Khera