ശൗര്യചക്ര ജേതാവിന്‍റെ മാതാവിന് ഇന്ത്യവിട്ടുപോകേണ്ടിവരില്ല,വിവാദമായതിനെ തുടര്‍ന്ന് നടപടി പിന്‍വലിച്ചു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശ്രീനഗർ: ശൗര്യചക്ര ജേതാവ് കോൺസ്റ്റബിൾ മുദാസിർ അഹമ്മദ് ഷെയ്ഖിന്റെ മാതാവ് ഷമീമാ അഖ്തറിന് ഇന്ത്യവിട്ടുപോകേണ്ടിവരില്ല. പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇന്ത്യയിൽനിന്ന് തിരിച്ചയക്കുന്ന പാക്കിസ്താൻ പൗരരിൽ ഷമീമയും ഉൾപ്പെട്ടത് വിവാദമായിരുന്നു. ഇതേത്തുടന്നാണ് ഇവരെ നാടുകടത്താനുള്ള നടപടി പിൻവലിച്ചത്. 

ഇന്ത്യയിൽനിന്ന് തിരിച്ചയക്കുന്നവരിൽ ഷമീമ ഉൾപ്പെട്ടിട്ടില്ലെന്ന് ജമ്മു-കശ്മീർ ജില്ലാ പോലീസ് അധികൃതർ‌ വ്യക്തമാക്കി. ഷമീമ തിരിച്ചെത്തിയെന്നും വിവാദനടപടി റാദ്ദാക്കിയതിൽ സർക്കാരിനോട്‌ നന്ദിയുണ്ടെന്നും ഷമീമയുടെ ബന്ധു മുഹമ്മദ് യൂനുസ് പ്രതികരിച്ചു.

2022 മേയിൽ അമർനാഥ് തീർഥാടകരെ രക്ഷപ്പെടുത്തുന്നതിനായി ഭീകരരോട് പോരാടുന്നതിടെയാണ് മുദാസിർ അഹമ്മദ് ഷെയ്ഖ് വീരമൃത്യുവരിച്ചത്.

മരണാനന്തരബഹുമതിയായി ലഭിച്ച ശൗര്യചക്ര പുരസ്കാരം ഷമീമയും റിട്ട. പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് മുഹമ്മദും ചേർന്നാണ് 2023 മേയിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് ഏറ്റുവാങ്ങിയത്. ബാരാമുള നഗരത്തിലെ പ്രധാനചത്വരത്തിന് ഷഹീദ് മുദാസിർ ചൗക്ക് എന്നാണ് പേരിട്ടിരിക്കുന്നത്.

Content Highlights: Shameema Akhter, mother of martyr Mudasir Ahmad Sheikh, will not be deported from India