കൃഷ്ണ ജന്മഭൂമി കേസ്: ഈദ്ഗാഹ് പള്ളിയെ 'തർക്കമന്ദിര'മായി കാണാനാവില്ല; ഹർജി തള്ളി ഹൈക്കോടതി

പ്രയാഗ്‌രാജ്: കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് കേസിൽ, ഈദ്ഗാഹ് പള്ളിയെ ഭാവിയിലെ എല്ലാ നിയമനടപടികളിലും ഔദ്യോഗികമായി 'തർക്കമന്ദിരം' എന്ന് പരാമർശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി. വിഷയം തീർപ്പാക്കുന്നതിന് മുമ്പ് ഇത്തരത്തിലുള്ള പ്രഖ്യാപനം മുൻധാരണ സൃഷ്ടിക്കുന്നതിന് തുല്യമാണെന്ന് കോടതി വ്യക്തമാക്കി.
കേസ് പരിഗണിച്ച ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര ഈ ഘട്ടത്തിൽ അപേക്ഷ തള്ളുകയാണെന്ന് വാക്കാൽ നിരീക്ഷിച്ചു. 2023-ൽ അഭിഭാഷകൻ മഹേന്ദ്ര പ്രതാപ് സിങ് ആണ് അപേക്ഷ സമർപ്പിച്ചത്. ഒട്ടേറെ കക്ഷികളും വാദികളും പിന്തുണച്ചു. നിലവിൽ കോടതിയിൽ ഒരുമിച്ച് പരിഗണിക്കുന്ന 18 കേസുകളിൽ ഒന്നാണിത്.
കേസുകളെല്ലാം പൊതുവായി ലക്ഷ്യമിടുന്നത് ശ്രീ കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന്റെ പരിസരത്തെ നിയമവിരുദ്ധമായ കൈയേറ്റങ്ങൾ നീക്കം ചെയ്യുക എന്നതാണ്. ഷാഹി ഈദ്ഗാഹ് മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലവും ഇതിൽ ഉൾപ്പെടുന്നു.
മഥുരയിൽ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ഭരണകാലത്ത് നിർമ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന ഷാഹി ഈദ്ഗാഹ് പള്ളിയെ കേന്ദ്രീകരിച്ചാണ് തർക്കം. പള്ളി നിലകൊള്ളുന്നത് ഭഗവാൻ കൃഷ്ണന്റെ യഥാർത്ഥ ജന്മസ്ഥലത്താണെന്നും നിലവിലുണ്ടായിരുന്ന ഒരു ഹിന്ദു ക്ഷേത്രം തകർത്തതിന് ശേഷമാണ് ഇത് നിർമ്മിച്ചതെന്നും ഹർജിക്കാർ വാദിക്കുന്നു.
1968-ൽ അന്ന് ക്ഷേത്രത്തിന്റെ ഭരണസമിതിയായ ശ്രീ കൃഷ്ണ ജന്മസ്ഥാൻ സേവാ സംസ്ഥാനും ട്രസ്റ്റ് ഷാഹി മസ്ജിദ് ഈദ്ഗാഹും തമ്മിൽ ഒത്തുതീർപ്പിൽ എത്തിയിരുന്നു. ഈ കരാർ പ്രകാരം ഇരു ആരാധനാലയങ്ങൾക്കും ഒരേ പരിസരത്ത് നിലനിൽക്കാനും പ്രവർത്തിക്കാനും അനുമതി നൽകി. ഒട്ടേറെ നിരവധി കക്ഷികൾ 1968-ലെ ഒത്തുതീർപ്പിന്റെ നിയമസാധുതയെ ചോദ്യം ചെയ്തു പുതിയ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.
Content Highlights: Shahi Eidgah Not 'Disputed', Says Allahabad Highcourt In Krishna Janmabhoomi Case