'രാഷ്ട്രീയ വേദിയാക്കരുത്'; ഷഹീന്‍ബാഗ് പൊളിച്ചുനീക്കലിനെതിരെ ഹർജിനല്‍കിയ സിപിഎമ്മിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഷഹീന്‍ബാഗിലെ പൊളിച്ചുനീക്കലിനെതിരെ ഹര്‍ജിനല്‍കിയ സി.പി.എമ്മിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയെ രാഷ്ട്രീയ വേദിയാക്കരുതെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. പൊളിച്ചുനീക്കലിനെതിരെ ഷഹീന്‍ബാഗ് നിവാസികളല്ലേ തങ്ങളെ സമീപിക്കേണ്ടതെന്ന് കോടതി ആരാഞ്ഞു. തുടര്‍ന്ന് സി.പി.എം. ഹര്‍ജി പിന്‍വലിച്ചു.
പൊളിച്ചുനീക്കലില്‍ പരാതി ഉണ്ടെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. പൊളിച്ചുനീക്കലിനെതിരെ അടിയന്തിരമായി ഇടപെടണമെന്ന സ.പി.എമ്മിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.
എന്തിനാണ് രാഷ്ട്രീയ പാര്‍ട്ടിയായ സി.പി.എം. പൊളിച്ചുനീക്കലിനെതിരെ ഹര്‍ജി ഫയല്‍ ചെയ്യുന്നതെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു ആരാഞ്ഞു. പരാതിയുണ്ടെങ്കില്‍ പൊളിച്ചുനീക്കലില്‍ നഷ്ടം നേരിടുന്നവരല്ലേ കോടതിയെ സമീപിക്കേണ്ടതെന്നും ബെഞ്ച് ആരാഞ്ഞു. ജഹാംഗീര്‍പുരിയില്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതുകൊണ്ടാണ് ഇടപെട്ടതെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഷഹീന്‍ ബാഗില്‍ എന്താണ് പൊളിച്ചുനീക്കുന്നതെന്ന് വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചു.
മുന്‍കൂര്‍ നോട്ടീസ് ഉള്‍പ്പടെ നല്‍കിയ ശേഷം പൊളിച്ചുനീക്കല്‍ നടത്തികൂടേയെന്ന് മുന്‍സിപ്പല്‍ കോര്‍പറേഷനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ആരാഞ്ഞു. എന്നാല്‍ വസ്തുതകള്‍ കോടതിയില്‍ തെറ്റായി അവതരിപ്പിക്കുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി. വീടുകള്‍ പൊളിച്ചുനീക്കിയെന്ന വിവരം എവിടെനിന്നാണ് ഹര്‍ജിക്കാരന് ലഭിച്ചതെന്നും സോളിസിറ്റര്‍ ജനറല്‍ ആരാഞ്ഞു.
ഹൈക്കോടതിയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന ഹര്‍ജിക്കാരന്റെ വാദവും കോടതി വിമര്‍ശിച്ചു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ അഭിഭാഷകര്‍ക്ക് സുപ്രീം കോടതി അനുമതി നല്‍കി.
Content Highlights: Shaheen Bagh Demolition Hearing Live Updates: Supreme Court Refuses To Entertain CPM Plea