തെലങ്കാനയില്‍ തുരങ്കം തകര്‍ന്ന് എട്ട് തൊഴിലാളികള്‍ കുടുങ്ങി; രക്ഷാദൗത്യം തുടങ്ങിയെന്ന് അധികൃതര്‍

ഹൈദരാബാദ്: തെലങ്കാനയില്‍ അറ്റകുറ്റപ്പണി നടക്കുന്ന തുരങ്കത്തിന്റെ ഒരുഭാഗം തകര്‍ന്നതിനെത്തുടര്‍ന്ന് എട്ട് തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. ടണലിലെ ചോര്‍ച്ച പരിഹരിക്കുന്നതിനുള്ള ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. തുരങ്കത്തിനുള്ളില്‍ ജോലിചെയ്തിരുന്ന നിരവധി തൊഴിലാളികളെ അപകടത്തിന് പിന്നാലെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടക്കുന്ന എട്ടുപേരെ സുരക്ഷിതരായി പുറത്തെത്തിക്കുന്നതിനുള്ള ദൗത്യം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാലിന്റെ (എസ്.എല്‍.ബി.സി) നിര്‍മാണം പുരോഗമിക്കുന്ന തുരങ്കത്തിലാണ് അപകടമുണ്ടായത്. തുരങ്കത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണതെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തകര്‍ന്ന ടണലില്‍ കുടുങ്ങിയ തൊഴിലാളികളുമായി ആശയവിനിമയം നടത്താന്‍ നിലവില്‍ സാധിക്കുന്നില്ലെന്ന് കളക്ടര്‍ പറഞ്ഞു. തുരങ്കത്തിനുള്ളിലെ ആശയവിനിമയ സംവിധാനം തകരാറിലായിട്ടുണ്ട്. എയര്‍ ചേംബറുകളും കണ്‍വെയര്‍ ബെല്‍റ്റുമടക്കം തകര്‍ന്നുവെന്നും കളക്ടര്‍ വ്യക്തമാക്കി.
സംഭവത്തില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടുക്കം രേഖപ്പെടുത്തി. ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കളക്ടര്‍, എസ്.പി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നതിനായി ഉന്നത ഉദ്യോഗസ്ഥര്‍ ഹെലിക്കോപ്റ്റര്‍മാര്‍ഗം അപകടസ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന് ജലസേചന വകുപ്പ് മന്ത്രി എന്‍ ഉത്തം കുമാര്‍ പറഞ്ഞു. കേന്ദ്ര കല്‍ക്കരി മന്ത്രി ജി കിഷന്‍ റെഡ്ഡി അധികൃതരെ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞു. തുരങ്കത്തില്‍ കുടുങ്ങിയവരെ ഉടന്‍ രക്ഷപ്പെടുത്തണമെന്നും പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
Content Highlights: several Workers Feared Trapped As Tunnel Collapses In Telangana