വിജയ്ക്ക് തിരിച്ചടി; ടിവികെ റാലിക്ക് പുതുച്ചേരിയിലും അനുമതിയില്ല

ചെന്നൈ: തമിഴ്‌നാട്ടിലെ കടുത്ത നിയന്ത്രണങ്ങൾ മറികടക്കുന്നതിന് പുതുച്ചേരിയിൽ റാലി നടത്താനുള്ള തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌യുടെ നീക്കത്തിന് തിരിച്ചടി. ഡിസംബർ അഞ്ചിന് പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ അനുമതി തേടിക്കൊണ്ട് ടിവികെ നൽകിയ അപേക്ഷ പുതുച്ചേരി പോലീസ് മേധാവി തള്ളി.
പുതുച്ചേരിയിൽ ടിവികെ നടത്തുന്ന റാലിക്ക് തമിഴ്‌നാട്ടിലെ വിഴുപുരം, കടലൂർ, തിരുവണ്ണാമല എന്നിവിടങ്ങളിൽനിന്ന് ആളുകളെത്താൻ സാധ്യതയുണ്ടെന്നും അത് തിക്കിനും തിരക്കിനും കാരണമായേക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് പോലീസ് അനുമതി നിഷേധിച്ചത്. കരൂർ ദുരന്തം കണക്കിലെടുത്ത് ടിവികെ റാലിക്ക് അനുമതി നൽകരുതെന്നു കാണിച്ച് പെരിയാർ ദ്രാവിഡർ കഴകം എന്ന സംഘടനയും പോലീസിനെ സമീപിച്ചിരുന്നു. റാലികൾക്ക് അനുമതി തേടി ടിവികെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് സംഘടന ചൂണ്ടിക്കാണിച്ചിരുന്നു.
സെപ്റ്റംബർ 27-ന് കരൂരിലെ പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും 41 പേർ മരിച്ചതിനുശേഷം വിജയ് ബഹുജനറാലികൾ നടത്തിയിട്ടില്ല. ഡിസംബർ നാലിന് സേലത്ത് നടക്കുന്ന റാലിയോടെ പൊതുപരിപാടികൾ പുനരാരംഭിക്കാനായിരുന്നു പാർട്ടിയുടെ പരിപാടി. എന്നാൽ, സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാണിച്ച് തമിഴ്‌നാട് പോലീസ് അനുമതി നൽകിയില്ല. വേറേ തീയതി കണ്ടെത്തണമെന്നും ചുരുങ്ങിയത് ഒരുമാസം മുൻപ് അപേക്ഷ നൽകണമെന്നും പോലീസ് ആവശ്യപ്പെടുകയും ചെയ്തു.
ഇതേത്തുടർന്നാണ് ഡിസംബർ അഞ്ചിന് പുതുച്ചേരിയിൽ റാലി നടത്താൻ പദ്ധതിയിട്ടത്. എൻഡിഎ സർക്കാർ അധികാരത്തിലുള്ള പുതുച്ചേരിയിൽ അനുമതി കുറച്ചുകൂടി എളുപ്പമാവും എന്നായിരുന്നു പ്രതീക്ഷ.
ഡിസംബർ അഞ്ചിന് രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ചുവരെ പുതുച്ചേരിയിൽ റോഡ് ഷോ നടത്താനാണ് ടിവികെ ഉദ്ദേശിച്ചിരുന്നത്. കാലാപേട്ടിൽനിന്ന് തുടങ്ങി അജന്ത സിഗ്നൽ, ഉപ്പളം വാട്ടർ ടാങ്ക്, അരിയങ്കുപ്പം, കന്നിക്കോയിൽ വഴിയായിരിക്കും യാത്രയെന്ന് അപേക്ഷയിൽ പറഞ്ഞിരുന്നു. പ്രധാന പൊതുയോഗം ഉപ്പളം-സോനംപാളയം വാട്ടർ ടാങ്കിനു സമീപത്തു നടത്താനായിരുന്നു ആലോചന. ഒക്ടോബറിൽ പുതുച്ചേരിയിൽ റാലി നടത്താൻ ടിവികെ പദ്ധതിയിട്ടിരുന്നെങ്കിലും കരൂർ ദുരന്തം കാരണം അത് മാറ്റിവെക്കുകയായിരുന്നു.
മുൻ മന്ത്രി സെങ്കോട്ടയ്യന്റെ വരവോടെ ആത്മവിശ്വാസം വീണ്ടെടുത്ത ടിവികെയ്ക്ക് പൊതുയോഗങ്ങൾ നടത്താൻ അനുമതി ലഭിക്കാത്തത് വലയ്ക്കുന്നുണ്ട്. കരൂർ ദുരന്തം കാരണം നിലച്ചുപോയ പാർട്ടി പ്രവർത്തനം വരുംമാസങ്ങളിൽ ഊർജിതമാക്കാനായിരുന്നു പരിപാടി. കരൂർ ദുരന്തത്തിനുശേഷം കാഞ്ചീപുരത്തു മാത്രമാണ് വിജയ് പൊതുയോഗത്തിൽ പങ്കെടുത്തത്. ക്ഷണിക്കപ്പെട്ട പ്രവർത്തകരെ മാത്രമാണ് ചടങ്ങിൽ പങ്കെടുപ്പിച്ചത്.
Content Highlights: set back for vijay as puducherry rejects permission to hold tvk rally