പഞ്ചാബ് കർഷകരുടെ 'ദില്ലി ചലോ' മാർച്ച് ഇന്ന്; അതിർത്തിയിൽ കനത്ത സുരക്ഷ; അംബാലയില്‍ നിരോധനാജ്ഞ

ചണ്ഡീഗഢ്: പഞ്ചാബ്-ഹരിയാണ അതിര്‍ത്തിയായ ശംഭുവില്‍നിന്ന് വെള്ളിയാഴ്ച 'ദില്ലി ചലോ' മാര്‍ച്ച് ആരംഭിക്കുമെന്ന പഞ്ചാബിലെ കര്‍ഷകരുടെ പ്രഖ്യാപനത്തിന് പിന്നാലെ ഹരിയാണയിലെ അംബാല ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശംഭു അതിര്‍ത്തിയിലെ ദേശീയപാത 44-ല്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുമുണ്ട്. ഹരിയാണ പോലീസും പഞ്ചാബ് പോലീസും കൂടുതല്‍ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
അംബാലയില്‍ മാത്രമല്ല, കര്‍ഷക നേതാവ് ജഗ്ജീത് സിങ് ഡല്ലേവാല്‍ മരണംവരെ നിരാഹാരം പ്രഖ്യാപിച്ച് സമരം ചെയ്യുന്ന ജിന്ദിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ പത്തുദിവസമായി ഡല്ലേവാല്‍ ഇവിടെ സമരത്തിലാണ്.
വിളകളുടെ താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ്, വായ്പ എഴുതിത്തള്ളല്‍, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍, ഭൂമി ഏറ്റെടുക്കല്‍ നിയമം പുനഃസ്ഥാപിക്കണം, വൈദ്യുതി താരിഫ് വര്‍ധിപ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നൂറിലധികം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഒരുങ്ങുന്നത്. മാത്രമല്ല, 2021-ലെ ലഖിംപുര്‍ ഖേരി സംഘര്‍ഷത്തിലെ ഇരകള്‍ക്ക് നീതിവേണമെന്നും 2020-21 കാലത്തെ കര്‍ഷകസമര കാലത്ത് ജീവന്‍ നഷ്ടമായ കര്‍ഷകരുടെ കുുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.
സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള സംഘം ഉച്ചയ്ക്ക് ഒരു മണിയോടെ പാര്‍ലമെന്റ് മാര്‍ച്ച് ആരംഭിക്കുമെന്നാണ് വിവരം. തിങ്കളാഴ്ച ഉത്തര്‍ പ്രദേശിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള അയ്യായിരത്തോളം കര്‍ഷകര്‍ ദില്ലി ചലോ എന്ന പേരില്‍ പാര്‍ലമെന്റ് ലക്ഷ്യമാക്കി മാര്‍ച്ച് ആരംഭിച്ചിരുന്നുവെങ്കിലും ഇവരെ നോയിഡ-ഡല്‍ഹി അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു. 1997 മുതല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് ഉചിതമായ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഇവരുടെ മാര്‍ച്ച്.
Content Highlights: security tightens in border and prohibitory order in ambala over punjab farmer dilli chalo march