‘സ്‌കൂൾ നന്നാക്കൂ’ പ്രചാരണത്തിന് സിജെപി; ഏറ്റെടുത്ത് ജെൻ ആൽഫ, ജന്തർമന്തർ സീസൺ 2 ഉടനെന്ന് ദിപ്‌കെ

#സ്വന്തം ലേഖകൻ
അഭിജീത്ത് ദീപ്കെ | Photo: PTI
അഭിജീത്ത് ദീപ്കെ | Photo: PTI

ന്യൂഡൽഹി: ഗ്രാമീണമേഖലകളിലെ സർക്കാർ സ്‌കൂളുകളിൽ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് സ്വാതന്ത്ര്യദിനത്തിൽ ‘സ്‌കൂൾ ഠീക്ക് കരോ’ (സ്‌കൂൾ നന്നാക്കൂ) പ്രചാരണപരിപാടി ആരംഭിക്കാൻ കോക്രോച്ച് ജനതാ പാർട്ടി.

കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിലൂടെ സി.ജെ.പി. സ്ഥാപകൻ അഭിജീത് ദിപ്‌കെ നൽകിയ ആഹ്വാനത്തെ ഏറ്റവും പുതിയ ജെൻ ആൽഫ തലമുറയിൽപ്പെട്ട വിദ്യാർഥികൾ ഇതിനകം ഏറ്റെടുത്തു. സ്‌കൂളിലെ സൗകര്യങ്ങൾക്കായി പ്രതിഷേധംമുതൽ സാമൂഹികമാധ്യമ പ്രചാരണങ്ങൾവരെ കുട്ടികൾ നടത്തുന്നുണ്ട്. ഇതിന്റെ വീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ഡൽഹി ജന്തർമന്തറിലെ സമരത്തിനുശേഷം ഏറ്റെടുത്തിരിക്കുന്ന പ്രചാരണം ഏകോപിപ്പിക്കാൻ സി.ജെ.പി. സാങ്കേതിക സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്.

ജന്തർമന്തറിലെ സമരത്തിൽ ജെൻസീയുൾപ്പെടുന്ന യുവജന പ്രാതിനിധ്യമാണുണ്ടായിരുന്നതെങ്കിൽ പുതിയ പ്രചാരണത്തെ ഏറ്റെടുത്തിരിക്കുന്നത് സ്‌കൂൾ വിദ്യാർഥികളായ ജെൻ ആൽഫ കുട്ടികളാണ്. സ്‌കൂളിലേക്കുള്ള റോഡ് നന്നാക്കാനും ക്ലാസ് മുറിയിൽ ഫാൻ ഘടിപ്പിക്കാനും ശുദ്ധമായ കുടിവെള്ളത്തിനുമൊക്കെയായി വിദ്യാർഥികൾ സാമൂഹികമാധ്യമ വീഡിയോകളിൽ ആവശ്യങ്ങളുടെ കെട്ടഴിക്കുകയാണ്. ദീർഘനാളായി പറഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കാത്ത കാര്യങ്ങൾ വീഡിയോ ചെയ്തിടുമ്പോൾ ഫലമുണ്ടാകുമെന്ന പ്രതീക്ഷയാണ് വിദ്യാർഥികൾക്ക്. ഇത്തരം ആവശ്യങ്ങളെ തദ്ദേശ അധികൃതരിലേക്കെത്തിച്ച് നടപടിയെടുപ്പിക്കാനാണ് സി.ജെ.പി. ശ്രമിക്കുന്നത്.

ജന്തർമന്തർ സീസൺ 2 ഉടനെന്ന് ദിപ്‌കെ ജന്തർമന്തർ സമരത്തിന്റെ സീസൺ 2 ഉടൻ ആരംഭിക്കുമെന്ന് സി.ജെ.പി. സ്ഥാപകൻ അഭിജീത് ദിപ്‌കെ ഡൽഹിയിൽ പറഞ്ഞു. രാജ്യത്താകെ പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെന്നും വിദ്യാർഥികളുടെ ആവശ്യങ്ങളുയർത്തിയുള്ള പ്രചാരണപരിപാടി സ്വാതന്ത്ര്യദിനത്തിൽ ആരംഭിക്കുമെന്നും സി.ജെ.പി. മുഖ്യ വക്താവ് സൗരവ് ദാസ് പറഞ്ഞു. ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ രാജ്യവ്യാപക യാത്ര നടത്തുമെന്നും അറിയിച്ചു.

Content Highlights: Cockroach Janata Party (CJP) launches 'School Theek Karo' campaign on Independence Day., Aims to improve basic infrastructure in rural government schools., Gen Alpha students are actively participating through social media videos., CJP founder Abhijit Dipke announced Jantar Mantar Season 2 will begin soon.