ദേശസുരക്ഷ മറയാക്കരുത്, സ്വകാര്യതയിലേക്ക് കടന്നുകയറരുത്: കേന്ദ്രത്തെ കുടഞ്ഞ്‌ സുപ്രീംകോടതി

നരേന്ദ്ര മോദി| ഫയല്‍ ചിത്രം: കെ അബൂബക്കര്‍, മാതൃഭൂമി, സുപ്രീംകോടതി ഫയല്‍ ചിത്രം| പി.ടി.ഐ
നരേന്ദ്ര മോദി| ഫയല്‍ ചിത്രം: കെ അബൂബക്കര്‍, മാതൃഭൂമി, സുപ്രീംകോടതി ഫയല്‍ ചിത്രം| പി.ടി.ഐ

ന്യൂഡല്‍ഹി:  പെഗാസസ് വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് കേന്ദ്രത്തിന് കനത്ത തിരിച്ചടി. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ വെക്കാമെന്ന കേന്ദ്ര സർക്കാരിന്റെ നിര്‍ദേശം തള്ളിക്കൊണ്ടാണ് സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണ സമിതിയെ പരമോന്നത നീതിപീഠം വച്ചത്. ചോര്‍ത്തിയോ ഇല്ലയോ എന്ന കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കാതെ ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ വെളിപ്പെടുത്താനാകില്ല എന്ന നിലപാടെടുത്ത കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ചു സുപ്രീംകോടതി. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി എല്ലാ വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ല. സ്വകാര്യതയിലേക്ക് കടന്നുകയറി മാധ്യമസ്വാതന്ത്ര്യത്തെ അട്ടിമറിക്കാന്‍ പറ്റില്ലെന്നും വിധി പ്രസ്താവത്തില്‍ കോടതി പറഞ്ഞു. വിദഗ്ധ സമിതി കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചെങ്കിലും കോടതി ആ നിര്‍ദേശം തള്ളിയാണ് സ്വന്തം മേല്‍നോട്ടത്തില്‍ സ്വയം കമ്മിറ്റിയെ വച്ച് അന്വേഷണം എന്ന സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. 

സ്വകാര്യതയ്ക്കുള്ള അവകാശം ഹനിക്കപ്പെടുന്നതാണിത്. പൗരന്മാരെ മൊത്തം ബാധിക്കുന്ന പ്രശ്‌നം. കൃത്യമായ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അര്‍ഹിക്കുന്ന ഗൗരവത്തോടെ കേന്ദ്രം ഇത് കണ്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. 

പെഗാസസുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും അറിയിക്കാന്‍ കേന്ദ്രത്തിന് ആവശ്യത്തിന് സമയം നല്‍കി. എന്നാല്‍ പരിമിതമായ ഒരു സത്യവാങ്മൂലം മാത്രമാണ് കേന്ദ്രം നല്‍കിയത്. കേന്ദ്രം കൃത്യമായ നിലപാട് അറിയിച്ചിരുന്നെങ്കില്‍ തങ്ങള്‍ക്കും ബാധ്യത കുറയുമായിരുന്നുവെന്നും കോടതി പറഞ്ഞു. 

കോടതിയെ കാഴ്ചക്കാരാക്കരുത്. ഭരണഘടനാനുസൃതമായിരിക്കണം നിബന്ധനകൾ കൊണ്ടുവരാന്‍. നിയമത്തിന്റെ പിന്‍ബലമില്ലാതെ സ്വകാര്യതയിലേക്ക് കടന്നുകയറുത്. മൗലികാവകാശങ്ങള്‍ പോലെ തന്നെ ചില നിയന്ത്രണങ്ങളും ആവശ്യമാണെന്ന് തിരിച്ചറിയുന്നുണ്ട്. ജനാധിപത്യ സമൂഹത്തില്‍ ജനങ്ങള്‍ക്ക് സ്വകാര്യതയില്‍ ആശങ്കയുണ്ട്. സ്വകാര്യത ലംഘിക്കപ്പെടുന്നതില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കേണ്ടതുണ്ടെന്ന കൃത്യമായ മുന്നറിയിപ്പോടെയാണ് കോടതി വിധി.

Content Highlights: SC says indiscriminate spying on people can't be allowed pegasus, Supreme Court Verdict, What is Pegasus Controversy

Content Highlights: