ജഡ്ജിയുടെ വീട്ടിലെ ഗാര്‍ഡ്റൂമിന് തൊട്ടടുത്ത മുറിയിലാണ് തീപ്പിടിത്തമുണ്ടായത്- സഞ്ജയ് അറോറ

ജഡ്ജി യശ്വന്ത് വർമ്മ, പരിശോധന നടത്തുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, കത്തിക്കരിഞ്ഞ നിലയിൽ പണകെട്ടുകൾ| ഫോട്ടോ PTI
ജഡ്ജി യശ്വന്ത് വർമ്മ, പരിശോധന നടത്തുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, കത്തിക്കരിഞ്ഞ നിലയിൽ പണകെട്ടുകൾ| ഫോട്ടോ PTI

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആയിരുന്ന യശ്വന്ത് വര്‍മയുടെ വീട്ടില്‍ സുരക്ഷ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന സിആര്‍പിഎഫുകാരുടെ ഗാര്‍ഡ് റൂമിന് തൊട്ടടുത്തുള്ള സ്റ്റോര്‍ റൂമിലാണ് മാര്‍ച്ച് 14-ന് തീപ്പിടിത്തം ഉണ്ടായതെന്ന് ഡല്‍ഹി പോലീസ് മേധാവി സഞ്ജയ് അറോറ. ഈ മുറി പൂട്ടിക്കിടക്കുകയായിരുന്നുവെന്നും സഞ്ജയ് അറോറ സുപ്രീം കോടതി രൂപീകരിച്ച ആഭ്യന്തര അന്വേഷണ സമിതിക്ക് മൊഴി നല്‍കി. ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കത്തിയതിനെ കുറിച്ച് അന്വേഷിക്കുന്ന സുപ്രീം കോടതിയുടെ ആഭ്യന്തര സമിതിക്കാണ് സഞ്ജയ് അറോറ മൊഴി നല്‍കിയത്.

സിആര്‍പിഎഫിന്റെ ബറ്റാലിയന്‍ 70-ല്‍ പെട്ടവര്‍ക്കാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടിലെ സുരക്ഷാ ഡ്യൂട്ടി. ഇവര്‍ താമസിക്കുന്ന ഗാര്‍ഡ് റൂമിന് തൊട്ടടുത്തുണ്ടായ തീപ്പിടിത്തത്തെ സംബന്ധിച്ച് ഡല്‍ഹി പോലീസിനെ അറിയിച്ചത് ജഡ്ജിയുടെ പേഴ്‌സണല്‍ സെക്രട്ടറിയാണ്. പേഴ്‌സണല്‍ സെക്രട്ടറിയുടെ ഫോണ്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഡല്‍ഹി ഹൈക്കോടതിയുടെ അഡ്രസിലാണ്. ജസ്റ്റിസ് വര്‍മയുടെ വീട്ടിലെ ഒരു ജോലിക്കാരനാണ് തീപ്പിടിത്തം തന്നെ അറിയിച്ചത് എന്നാണ് പേഴ്‌സണല്‍ സെക്രട്ടറി അറിയിച്ചത് എന്നും സഞ്ജയ് അറോറ മൊഴി നല്‍കി.

ഡല്‍ഹി പോലീസാണ് തീപ്പിടിത്തം സംബന്ധിച്ച വിവരം ഫയര്‍ ഫോഴ്‌സിനെ അറിയിച്ചത് എന്നും സഞ്ജയ് അറോറ മൊഴി നല്‍കിയിട്ടുണ്ട്. ഫയര്‍ ഫോഴ്‌സിനെ ജഡ്ജിയുടെ ഓഫീസ് ജീവനക്കാര്‍ നേരിട്ട് വിവരം അറിയിച്ചിരുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെ സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി ഡല്‍ഹി പൊലീസിലെ ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റേയും തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിലെ ചില പോലീസുകാരുടെയും മൊഴി രേഖപ്പെടുത്തി. 

പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതിയിലെ അംഗങ്ങള്‍.

Content Highlights: sc panel records top cops statement on fire at judges house