വീണ്ടും ട്രെയിനിൽ തീപ്പിടിത്തം; സംഭവം ബിഹാറിലെ റെയിൽവേ സ്റ്റേഷനിൽ, ഒരു കോച്ച് കത്തിനശിച്ചു

പട്‌ന: ബിഹാറിൽ ട്രെയിനിന് തീപ്പിടിച്ചു. സാസാറാം-പട്‌ന ഫാസ്റ്റ് പാസഞ്ചർ ട്രെയിനിന്റെ ഒരു കോച്ചിലാണ് തീപ്പിടിത്തമുണ്ടായത്. തിങ്കളാഴ്ച രാവിലെ സാസാറാം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. തീപ്പിടിത്തത്തിൽ ആളപായമില്ല.
സാസാറം റെയിൽവേ സ്‌റ്റേഷനിൽനിന്ന് രാവിലെ ആറുമണിക്ക് പുറപ്പെടേണ്ടിയിരുന്ന ട്രെയിനിന്റെ ഒരുകോച്ചിലാണ് തീപ്പിടിത്തമുണ്ടായത്. ആറാംനമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു ട്രെയിൻ നിർത്തിയിട്ടിരുന്നത്. ഇതിനിടെയാണ് കോച്ചിനുള്ളിൽനിന്ന് പുക ഉയരുന്നത് കണ്ടത്. പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഇതോടെ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാരും പരിഭ്രാന്തിയിലായി. ഉടൻതന്നെ റെയിൽവേ ജീവനക്കാരും സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും ചേർന്ന് തീയണയ്ക്കുകയായിരുന്നു. ഒരു കോച്ച് പൂർണമായും കത്തിനശിച്ചിട്ടുണ്ട്.
ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പരിശോധന നടത്താനായി ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. കത്തിനശിച്ച കോച്ച് പിന്നീട് വേർപ്പെടുത്തിയശേഷം പട്‌നയിലേക്കുള്ള പാസഞ്ചർ യാത്രതിരിച്ചു.
കഴിഞ്ഞദിവസം തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി എക്‌സ്പ്രസിലും തീപ്പിടിത്തമുണ്ടായിരുന്നു. ട്രെയിനിന്റെ പിൻവശത്തെ രണ്ടുകോച്ചുകളാണ് കത്തിനശിച്ചത്. ഞായറാഴ്ച പുലർച്ചെ 5.15-ഓടെ രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപത്തായിരുന്നു സംഭവം. ആളപായമില്ലെങ്കിലും യാത്രക്കാരുടെ ഒട്ടേറെ ലഗേജുകൾ കത്തിനശിച്ചിരുന്നു.
Content Highlights: Fire occurred in a coach of the Sasaram-Patna Passenger train at Sasaram station., Incident took place on the morning of May 18, 2026., No casualties or injuries reported among passengers., Short circuit is suspected as the primary cause of the fire., Railway officials and fire services successfully brought the situation under control.