‘കാൻസർ ബാധിച്ചത് ജയിൽവാസത്തിന് ശേഷം, ഭക്ഷണത്തിൽ വിഷംകലർത്തിയോ?’; ഗുരുതര ആരോപണവുമായി സഞ്ജയ് റാവുത്ത്

#ന്യൂസ് ഡെസക്
സഞ്ജയ് റാവുത്ത് | Photo : ANI
സഞ്ജയ് റാവുത്ത് | Photo : ANI

ന്യൂഡൽഹി: തനിക്ക് കാൻസർ രോഗം ബാധിച്ചതിൽ ജയിൽവാസത്തിന് ബന്ധമുണ്ടെന്ന് ശിവസേന (യുബിടി) നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത്. ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് തന്റെ ഭക്ഷണത്തിൽ വിഷം കലർത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ 'ടോക്സിസിറ്റി ടെസ്റ്റ്' (വിഷാംശ പരിശോധന) നടത്താൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നോട് നിർദ്ദേശിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.

നിലവിലെ സർക്കാർ തങ്ങളെ എതിർക്കുന്നവർക്കെതിരെ ഏതറ്റം വരെയും പോകാൻ മടിക്കാത്ത ക്രൂരതയാണ് കാണിക്കുന്നതെന്നും ജയിലിൽവെച്ച് എന്തും സംഭവിക്കാമെന്ന് രാഹുൽ ഗാന്ധിയും ഭയപ്പെട്ടിരുന്നതായും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജയിലിൽ കഴിഞ്ഞിട്ടുള്ള രാഷ്ട്രീയ നേതാക്കൾ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ജയിലിലെ ഭക്ഷണത്തിലോ വെള്ളത്തിലോ അധികാരികൾ കൃത്രിമം കാണിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം ആരോപിച്ചു.

ഗൊരെഗാവിലെ പത്രചാൾ ചേരി പുനരധിവാസപദ്ധതിയുമായി ബന്ധപ്പെട്ട് 2022 ഓഗസ്റ്റ് ഒന്നിനാണ് സഞ്ജയ് റാവുത്ത് അറസ്റ്റിലായത്. തുടർന്ന് ആർതർ റോഡ് ജയിലിൽ 101 ദിവസത്തെ തടവുശിക്ഷ അനുഭവിച്ചശേഷം നവംബർ ഒൻപതിനാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.

ജയിൽ അനുഭവങ്ങളെക്കുറിച്ച് 'നാർകത്‌ല സ്വർഗ്ഗ്' (നരകത്തിലെ സ്വർഗ്ഗം) എന്ന പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. പിന്നീട് 2025 നവംബറിലാണ് ഉദരത്തിൽ കാൻസർ സ്ഥിരീകരിക്കുന്നതെന്നും തുടർന്ന് ആശുപത്രിയിലും വീട്ടിലുമായി കീമോതെറാപ്പിയും റേഡിയേഷനും ഉൾപ്പെടെയുള്ള ചികിത്സകൾക്ക് വിധേയനായെന്നും റാവുത്ത് വെളിപ്പെടുത്തി.