സഞ്ജയ് ദത്ത് പോലീസിനെ അറിയിച്ചിരുന്നെങ്കിൽ 1993ലെ മുംബൈ സ്ഫോടനം ഒഴിവാക്കാമായിരുന്നു- ഉജ്ജ്വൽ നികം

സഞ്ജയ് ദത്ത് | ഫോട്ടോ: AFP
സഞ്ജയ് ദത്ത് | ഫോട്ടോ: AFP

ന്യൂഡൽഹി: 1993-ലെ മുംബൈ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് നടൻ സഞ്ജയ് ദത്തിനെതിരെ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം. സ്ഫോടനത്തിന്റെ ഗൂഢാലോചനയിൽ നേരിട്ട് പങ്കാളിയായിരുന്നില്ലെങ്കിലും സഞ്ജയ് ദത്തിന് ഈ ദുരന്തം ഒഴിവാക്കാൻ സാധിക്കുമായിരുന്നു എന്ന് നികം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉജ്ജ്വൽ നികത്തിന്റെ സഞ്ജയ് ദത്തിനെതിരായ പരാമർശം.

സഞ്ജയ് ദത്തിന്റെ ആയുധങ്ങളോടുള്ള ഭ്രമമാണ് അദ്ദേഹത്തെ എകെ-56 റൈഫിൾ കൈവശം വെക്കാൻ പ്രേരിപ്പിച്ചതെന്നും അധോലോക നായകനായ അബു സലേമാണ് ഈ റൈഫിൾ നടന് കൈമാറിയതെന്നും ഉജ്ജ്വൽ നികം പറഞ്ഞു. സ്ഫോടനങ്ങൾക്ക് മുൻപ് അബു സലേം ഒരു ടെമ്പോ നിറയെ ആയുധങ്ങളുമായി വന്നു. സഞ്ജയ് ദത്ത് അത് കാണുകയും അതിൽ നിന്ന് ഒരു എകെ-56 റൈഫിൾ തനിക്കായി എടുക്കുകയും ബാക്കിയുള്ളവ തിരികെ നൽകുകയും ചെയ്തു. സ്ഫോടനം നടക്കാൻ പോകുന്നത് സഞ്ജയ് ദത്തിന് അറിയില്ലായിരുന്നുവെങ്കിലും ആയുധങ്ങൾ കണ്ടപ്പോൾ അദ്ദേഹം പോലീസിനെ അറിയിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ആയുധങ്ങൾ നിറച്ച ടെമ്പോയെക്കുറിച്ച് അദ്ദേഹം പോലീസിനെ അറിയിച്ചിരുന്നെങ്കിൽ, പോലീസ് അതിനെ പിന്തുടരുകയും പ്രതികളെ പിടികൂടുകയും ചെയ്യുമായിരുന്നു. സ്ഫോടനങ്ങളെക്കുറിച്ച് അറിയില്ലെങ്കിൽ പോലും ആയുധങ്ങളെക്കുറിച്ച് വിവരം നൽകുന്നത് ദുരന്തം ഒഴിവാക്കാൻ സഹായിച്ചേനെ. നികം വ്യക്തമാക്കി.

1993-ലെ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽ നിന്ന് 2007-ൽ സഞ്ജയ് ദത്തിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ ആയുധങ്ങൾ അനധികൃതമായി കൈവശം വെച്ചതിന് ആറ് വർഷം തടവിന് ശിക്ഷിച്ചു. 2016-ൽ അദ്ദേഹം ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങി. കോടതി താരത്തിന് ശിക്ഷ വിധിച്ചപ്പോൾ, ദത്തിന്റെ അഭിഭാഷകൻ ഇത് അദ്ദേഹത്തിന്റെ ആദ്യത്തെ കുറ്റകൃത്യമാണെന്ന് വാദിച്ചു. എന്നാൽ നികം ഇതിനെ എതിർത്തു. ദാവൂദ് ഇബ്രാഹിമിനോട് അടുപ്പമുള്ള വ്യക്തിയിൽ നിന്ന് സഞ്ജയ് നേരത്തെ ഒരു 9 എംഎം പിസ്റ്റൾ വാങ്ങിയിരുന്നതിനാൽ, അദ്ദേഹത്തിന് ആ ആനുകൂല്യം ലഭിക്കാൻ അർഹതയില്ലായിരുന്നുവെന്നും നികം അഭിമുഖത്തിൽ വ്യക്തമാക്കി.

കൂടാതെ, സഞ്ജയ് ദത്തിന്റെ പിതാവ് നടനും രാഷ്ട്രീയ നേതാവുമായിരുന്ന സുനിൽ ദത്ത് ഇടപ്പെട്ട് ശിവസേന അധ്യക്ഷൻ ബാൽ താക്കറെയുടെ സഹായം തേടുകയും ബാൽ താക്കറെ തന്നെ കാണാൻ വന്നിരുന്നു എന്നും നികം വെളിപ്പെടുത്തി.

Content Highlights: Public Prosecutor Ujjwal Nikam claims Sanjay Dutt`s inaction on weapons possession could have averted the 1993 Mumbai bomb blasts. Details emerge on Abu Salem`s involvement and Sunil Dutt`s plea.