നിതീഷ് എൻഡിഎയിലെത്തി, സാമ്രാട്ട് ചൗധരി തലപ്പാവ് അഴിച്ചു; ബിഹാറിൽ ബിജെപിക്ക് ആദ്യ മുഖ്യമന്ത്രി

#ന്യൂസ് ഡെസ്ക്
സാമ്രാട്ട് ചൗധരി(ഫയല്‍ചിത്രം, ഇടത്ത്) സാമ്രാട്ട് ചൗധരിയും നിതീഷ്‌കുമാറും(വലത്ത്) | Photo: ANI
സാമ്രാട്ട് ചൗധരി(ഫയല്‍ചിത്രം, ഇടത്ത്) സാമ്രാട്ട് ചൗധരിയും നിതീഷ്‌കുമാറും(വലത്ത്) | Photo: ANI

പട്‌ന: ചരിത്രത്തിലാദ്യമായി ബിഹാറിൽ ബിജെപി മുഖ്യമന്ത്രി. നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ സാമ്രാട്ട് ചൗധരിയാണ് ബിഹാറിൽ പാർട്ടിയുടെ പ്രഥമ മുഖ്യമന്ത്രിയാകുന്നത്. ബുധനാഴ്ച വൈകീട്ട് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

രാജ്യസഭാംഗമായതിന് പിന്നാലെ നിതീഷ് കുമാർ മുഖ്യമന്ത്രി പദം രാജിവെച്ചതോടെയാണ് ബിഹാറിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി അധികാരത്തിലെത്തുന്നത്. ബിഹാർ രാഷ്ട്രീയത്തിൽ ബിജെപിയുടെ സുപ്രധാന അടയാളപ്പെടുത്തൽ കൂടിയാണിത്.

ഏകകണ്‌ഠേനയാണ് സാമ്രാട്ട് ചൗധരിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തതെന്നാണ് ബിജെപി നേതാവും പാർട്ടിയുടെ കേന്ദ്രനിരീക്ഷകനുമായ കേന്ദ്രമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ പറഞ്ഞത്. പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്ന് സാമ്രാട്ട് ചൗധരിയും പ്രതികരിച്ചു. നിതീഷ്‌കുമാറിന്റെ സദ്ഭരണ മാതൃക പുതിയ സർക്കാരിന് പ്രചോദനമാകുമെന്നും അത് പിന്തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയകുടുംബം 

മുംഗറിലെ ലഖൻപുർ ഗ്രാമത്തിലെ പ്രമുഖ രാഷ്ട്രീയകുടുംബത്തിലാണ് 57-കാരനായ സാമ്രാട്ട് ചൗധരിയുടെ ജനനം. സാമ്രാട്ടിന്റെ പിതാവ് ശകുനി ചൗധരി ആറുവട്ടം എംഎൽഎയും എംപിയുമായിരുന്നു. മാതാവ് പാർവതി ദേവിയും താരാപുർ മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തി.

മാതാപിതാക്കളുടെ പാത പിന്തുടർന്ന് 1990-കളിലാണ് സാമ്രാട്ട് ചൗധരി സജീവരാഷ്ട്രീയത്തിലെത്തുന്നത്. ആർജെഡിയിലൂടെ ബിഹാർ രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം, 1999-ൽ റാബ്‌റിദേവി സർക്കാരിൽ കൃഷിവകുപ്പ് മന്ത്രിയായി. 2000-ലും 2010-ലും നിയമസഭാംഗമായ അദ്ദേഹം ചീഫ് വിപ്പായും പ്രവർത്തിച്ചു. 2014-ൽ ജെഡിയുവിലെത്തിയ സാമ്രാട്ട് ചൗധരി ജിതൻ റാം മാഞ്ചി സർക്കാരിലും മന്ത്രിയായി. ആർജെഡിയിൽ പിളർപ്പുണ്ടാക്കി 13 എംഎൽഎമാരെ കൂടെകൂട്ടിയ അദ്ദേഹം ബിഹാർ രാഷ്ട്രീയത്തിൽ കരുത്തുതെളിയിച്ചു. ഇതിനുപിന്നാലെയാണ് സാമ്രാട്ട് ചൗധരി ബിജെപി പാളയത്തിലെത്തുന്നത്. 2023 മാർച്ചിൽ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലുമെത്തി.

ബിഹാറിലെ പ്രബല ഒബിസി വിഭാഗമായ കുശ്‌വാഹ വിഭാഗത്തിൽനിന്നുള്ള നേതാവാണ് സാമ്രാട്ട് ചൗധരി. അദ്ദേഹത്തിന് പാർട്ടി അധ്യക്ഷസ്ഥാനം നൽകിയതിലൂടെ കുശ്‌വാഹ വിഭാഗത്തിൽ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനായിരുന്നു ബിജെപിയുടെ ഈ നീക്കം.

അന്ന് ശത്രു, പിന്നെ മിത്രം...

ഒരുകാലത്ത് നിതീഷ് കുമാർ സർക്കാരിന്റെ കടുത്ത വിമർശകനായിരുന്നു സാമ്രാട്ട് ചൗധരി. നിതീഷ് കുമാർ പക്ഷപാതിത്വം കാണിക്കുന്നതായി ആരോപിച്ച സാമ്രാട്ട് ചൗധരി, നിതീഷ് കുമാറിനെതിരേ രൂക്ഷ വിമർശനങ്ങളുന്നയിച്ചിരുന്നു. ഇതിനിടെ, അദ്ദേഹം സ്വീകരിച്ച 'തലപ്പാവ് പ്രതിജ്ഞ'യും ദേശീയതലത്തിൽ ശ്രദ്ധനേടിയിരുന്നു. നിതീഷ് കുമാറിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കംചെയ്താലെ താൻ തലപ്പാവ് അഴിക്കൂ എന്ന് പ്രതിജ്ഞയെടുത്ത അദ്ദേഹം തലപ്പാവ് സ്ഥിരമാക്കി. 2024-ൽ നിതീഷ്‌കുമാർ ബിജെപിയുമായി സഖ്യത്തിലായതോടെയാണ് അദ്ദേഹം ഈ തലപ്പാവ് ഒഴിവാക്കിയത്.

ഇതിനിടെ, സാമ്രാട്ട് ചൗധരിയുടെ വിദ്യാഭ്യാസയോഗ്യതയെക്കുറിച്ച് ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ ആരോപണമുന്നയിച്ചത് വലിയ വിവാദമായിരുന്നു. സാമ്രാട്ട് ചൗധരി പത്താംക്ലാസ് പോലും പാസായിട്ടുണ്ടോ എന്നായിരുന്നു അദ്ദേഹം ഉന്നയിച്ച സംശയം. എന്നാൽ, കാമരാജ് സർവകലാശാലയിൽനിന്ന് പിഎഫ്‌സി പാസായിട്ടുണ്ടെന്നാണ് ചൗധരിയുടെ അവകാശവാദം. ഡി.ലിറ്റ് ബിരുദമുണ്ടെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ നാമനിർദേശ പത്രികയിൽ അവകാശപ്പെട്ടിരുന്നു. 1995-ലെ മുംഗർ കൊലക്കേസിലും സാമ്രാട്ട് ചൗധരിക്കെതിരേ പ്രശാന്ത് കിഷോർ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

2024-ൽ സാമ്രാട്ട് ചൗധരി നിതീഷ് കുമാർ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി. ധനകാര്യം, ആരോഗ്യം, നഗരവികസനം, പഞ്ചായത്തിരാജ് തുടങ്ങിയ സുപ്രധാന വകുപ്പുകളും കൈകാര്യംചെയ്തു. ഒടുവിൽ നിതീഷ് കുമാർ യുഗത്തിന് ബിഹാറിൽ അവസാനം കുറിക്കുമ്പോൾ സംസ്ഥാനത്ത് ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായും സാമ്രാട്ട് ചൗധരി ചരിത്രത്തിലിടം നേടുകയാണ്.

Content Highlights: Samrat Choudhary becomes the first-ever BJP Chief Minister of Bihar in 2026., Transition follows the resignation of Nitish Kumar from the CM post., Choudhary belongs to the influential Kushwaha OBC community., His political career spans RJD, JDU, and finally a leadership role in BJP., The appointment marks a significant shift in Bihar's political landscape.