ശബരിമല യുവതീപ്രവേശക്കേസിന് വീണ്ടും ചുടേറുന്നു, എന്തുനിലപാടെടുക്കും? കരുതലോടെ സർക്കാർ

#സ്വന്തം ലേഖകൻ
സുപ്രീംകോടതി, ശബരിമല |ഫോട്ടോ:പിടിഐ
സുപ്രീംകോടതി, ശബരിമല |ഫോട്ടോ:പിടിഐ

ന്യൂഡൽഹി: ഇതുവരെ ശബരിമലയിൽ യുവതീപ്രവേശത്തെ ശക്തമായി അനുകൂലിച്ച് വാദം നടത്തിയ പിണറായി സർക്കാർ ഇനിയും അതേ നിലപാട് തുടരുമോ? നേരത്തേതുപോലെ ഒരുഭാഗത്ത് മാത്രമായി നിലയുറപ്പിക്കാൻ സംസ്ഥാനസർക്കാർ തയ്യാറായേക്കില്ലെന്നതിന്റെ സൂചനയാണ് തിങ്കളാഴ്ച സുപ്രീംകോടതിയിൽ കണ്ടത്.

നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിനിൽക്കേ, രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുന്ന ശബരിമല വിഷയത്തിൽ കരുതലോടെയാകും സർക്കാരിന്റെ നീക്കം. ഒൻപതംഗ ബെഞ്ച് കേസ് പരിഗണിക്കുന്നത് ഏപ്രിലിലാണെങ്കിലും മാർച്ച് 14-നകം സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ഉൾപ്പെടെ മുഴുവൻ കക്ഷികളും സുപ്രീംകോടതിയിൽ നിലപാടറിയിക്കണം.

ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഒൻപതംഗ ബെഞ്ച് വാദം കേൾക്കുന്നതിന്റെ സമയക്രമവും മറ്റും നിശ്ചയിക്കാനാണ് തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗബെഞ്ച് കേസ് പരിഗണിച്ചത്. എന്നാൽ, അതിനിടെ ശ്രദ്ധേയമായ കാര്യങ്ങൾ കോടതിയിൽ നടന്നു. ഭരണഘടനാ ബെഞ്ചിന്റെ മറ്റു കേസുകളിലെന്നപോലെ മുഖ്യഹർജിയെ അനുകൂലിക്കുകയും എതിർക്കുകയും ചെയ്യുന്ന കക്ഷികളുടെ വാദങ്ങൾ ക്രോഡീകരിക്കാൻ സുപ്രീംകോടതി നോഡൽ അഭിഭാഷകരെ നിയോഗിച്ചു.

യുവതീപ്രവേശ വിധിക്കെതിരേ പുനഃപരിശോധനാ ഹർജി നൽകിയ ശബരിമല തന്ത്രി ഉൾപ്പെടെയുള്ള കക്ഷികൾക്കായി കൃഷ്ണകുമാർ സിങ്ങിനെയും മറുഭാഗത്തിനുവേണ്ടി അഡ്വ. ശാശ്വതി സിങ്ങിനെയും നോഡൽ അഭിഭാഷകരാക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ഇതോടെ, സംസ്ഥാനസർക്കാരിനും ഇവരിൽ ഒരാളുടെ ഭാഗത്തുനിന്ന് നിലപാട് പറയേണ്ട അവസ്ഥയായി.

എന്നാൽ, ഇതിനിടെ തന്ത്രി കണ്ഠര് രാജീവർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരി സംസ്ഥാന സർക്കാരിനുവേണ്ടി നിഷെ രാജൻ ശങ്കറിന്റെ പേര് നിർദേശിച്ചു. സംസ്ഥാനസർക്കാരിന്റെ സുപ്രീംകോടതിയിലെ സ്റ്റാൻഡിങ് കോൺസെലായ നിഷെ രാജൻ ശങ്കറിനെ നോഡൽ അഭിഭാഷകനാക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാനസർക്കാർ ഒരു ഭാഗത്തുമാത്രമായി നിലയുറപ്പിക്കില്ലെന്നതുകൊണ്ടാണോ അദ്ദേഹം മൂന്നാമതൊരാളുടെ പേര് നിർദേശിച്ചതെന്ന് വ്യക്തമല്ല.

അതേസമയം, തങ്ങൾ ഇതുവരെ പുനഃപരിശോധനയെ എതിർക്കുകയാണ് ചെയ്തതെന്ന് സംസ്ഥാനസർക്കാർ നിയോഗിച്ച മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത പറഞ്ഞെങ്കിലും ഇപ്പോഴത്തെ നിലപാടെന്താണെന്ന് പറഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്.

Content Highlights: Kerala govt`s approach to Sabarimala women entry in Supreme Court raises questions. Will they maintain earlier stand amid election concerns? Read more.