ശബരിമല സ്വർണക്കടത്ത്: ഒരേസമയം മൂന്ന് സംസ്ഥാനങ്ങളിൽ ഇ.ഡി. റെയ്ഡ്

#മാതൃഭൂമി ന്യൂസ്
ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട ബെംഗളൂരുവിലെ സ്ഥാപനത്തിൽ നടന്ന ഇ.ഡി. റെയ്ഡ് | Photo: PTI
ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട ബെംഗളൂരുവിലെ സ്ഥാപനത്തിൽ നടന്ന ഇ.ഡി. റെയ്ഡ് | Photo: PTI

ബെംഗളൂരു: ശബരിമല സ്വർണ്ണക്കടത്തുകേസിൽ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഇ.ഡി. റെയ്ഡ് തുടരുന്നു. സ്മാർട്ട് ക്രിയേഷൻസിലും ഇ.ഡി. റെയ്ഡ് തുടരുന്നതായാണ് വിവരം. കേരളം, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വിവിധയിടങ്ങളിൽ ഒരേ സമയത്താണ് ഇ.ഡി. റെയ്ഡ്. ഉണ്ണികൃഷ്ണൻ പോറ്റിയുടേയും സഹോദരിയുടേയും വീട്ടിലെ റെയ്ഡ് അവസാനിച്ചു. വീട്ടുകാരുടെ മൊഴി ഇ.ഡി. ഉദ്യോഗസ്ഥർ രേഖപ്പെടുത്തി.

തിരുവിതാം ദേവസ്വം ബോർഡിന്റെ നന്ദൻകോട്ടെ ആസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് പതിനാല് മണിക്കൂർ പിന്നിട്ടു. രാവിലെ ഏഴ് മണിയോടെയാണ് ഇ.ഡി. റെയ്ഡ് തുടങ്ങിയത്. ഇ.ഡി.യുടെ ഒരു സംഘമായിരുന്നു ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തിയത്. പിന്നീട് മറ്റൊരു സംഘം കൂടി അന്വേഷണത്തിനൊപ്പം ചേരുകയായിരുന്നു.

ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യംചെയ്യുന്ന രണ്ട് ഭാഗങ്ങളായാണ് പരിശോധന തുടരുന്നത്. സ്വർണക്കൊള്ളക്കൊപ്പം  ശബരിമലയിലെ വഴിപാടുമായി ബന്ധപ്പെട്ട വിവരങ്ങളും നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പ് അടക്കമുള്ളവ പരിശോധിക്കുന്നതായാണ് വിവരം. എൻ. വാസുവിന്റെ വീട്ടിലെ റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ മാതാവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടേയുടേയും സഹോദരിയുടെ ഭർത്താവിന്റേയും മൊഴി ഇ.ഡി. ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. ഭൂമി സംബന്ധിയായ പ്രമാണങ്ങൾ, ബാങ്ക് പാസ്ബുക്കുകൾ, പാസ്പോർട്ട് തുടങ്ങിയവയുടെ പകർപ്പ് ഇ.ഡി. ഉദ്യോസ്ഥർ ശേഖരിച്ചതായാണ് വിവരം.

ദേവസ്വം ബോർഡ് അംഗമായിരുന്ന, നിലവിൽ അറസ്റ്റിൽ കഴിയുന്ന എൻ. വിജയകുമാറിന്റെ വീട്ടിലെ റെയ്ഡും തിരുവാഭരണ മുൻ കമ്മിഷണർ കെ.എസ്. ബൈജുവിന്റെ ഫ്ലാറ്റിലെ റെയിഡും അവസാനിച്ചു.

Content Highlights: Sabarimala Gold Smuggling Case: ED Raids Continue at Devaswom Board Headquarters