'മതാചാരങ്ങളിൽ തീർപ്പ് കൽപ്പിക്കേണ്ടത് കോടതികളല്ല'; ശബരിമല കേസിൽ നിലപാട് കടുപ്പിക്കാൻ കേന്ദ്രം

#ബി. ബാലഗോപാല്‍
ശബരിമല | Photo: PTI | സുപ്രീംകോടതി Photo: ANI
ശബരിമല | Photo: PTI | സുപ്രീംകോടതി Photo: ANI

ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധിയെ സുപ്രീം കോടതിയിൽ ശക്തമായി എതിർക്കാൻ കേന്ദ്രം. മതാചാരങ്ങളിൽ തീർപ്പ് കൽപ്പിക്കാനുള്ള അധികാരം കോടതികൾക്ക് ഇല്ലെന്ന നിലപാടാകും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിക്കാൻ പോകുന്നത്. ഒരു മതവിഭാഗത്തിൽ പരിഷ്‌കരണം കൊണ്ട് വരാനുള്ള അവകാശം ഭരണഘടനയുടെ 25 (1) അനുച്ഛേദ പ്രകാരം വ്യക്തികൾക്ക് ഇല്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കും.

ശബരിമല കേസ് പരിഗണിക്കുന്ന പുതിയ ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ കേന്ദ്രസർക്കാർ തങ്ങളുടെ വാദം ഇത് വരെയും എഴുതി നൽകിയിട്ടില്ല. എന്നാൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് തയ്യാറാക്കിയ ചോദ്യങ്ങൾക്ക് 2019 ൽ കേന്ദ്ര സർക്കാർ തങ്ങളുടെ വാദം തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാകും സോളിസിറ്റർ ജനറൽ തുഷാർ മേത്ത തന്റെ വാദം ഉന്നയിക്കുകയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

യുവതീ പ്രവേശന വിധിയിൽ പുനഃപരിശോധന ആവശ്യപ്പെടാൻ കേന്ദ്രം മുന്നോട്ട് വയ്ക്കുന്ന പ്രധാന വാദങ്ങൾ ഇവയാണ്.

ലോകത്തെ വിവിധ കോടതികളും മതാചാരങ്ങൾ സംബന്ധിച്ച വിഷയങ്ങൾ പരിശോധിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിലെ കോടതികൾ മതാചാരങ്ങളിൽ തീർപ്പ് കല്പിക്കരുതെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. മതം, മത വിഭാഗങ്ങൾ എന്നിവ സംബന്ധിച്ച നിർവചനം നൽകാൻ കോടതികൾക്കാകില്ല. ഒരു മതാചാരം അനുപേക്ഷണീയമായ മതാചാരമാണോ എന്നത് പരിശോധിക്കാൻ കോടതിക്ക് അധികാരമില്ല. മറിച്ച് ആ മതവിഭാഗം ആത്മാർഥമായി ആ ആചാരം പിന്തുടരുന്നുണ്ടോ എന്ന കാര്യം മാത്രമാണ് കോടതിക്ക് പരിശോധിക്കാൻ കഴിയൂ. ഷിരൂർ മഠം കേസിൽ ഇക്കാര്യം ഭരണഘടന ബെഞ്ച് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് കേന്ദ്ര നിലപാട്.

മൗലിക അവകാശങ്ങൾ സന്തുലിതമാക്കുക എന്നതായിരിക്കണം കോടതികളുടെ നിലപാട്. ഒന്നിനു മുകളിൽ മറ്റൊന്ന് അടിച്ചേൽപ്പിക്കുക എന്നതായിരിക്കരുതെന്നും സർക്കാർ കോടതിയിൽ വാദിക്കും. ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ പ്രകാരം ഹിന്ദുമത വിശ്വാസികൾക്ക് മതാചാരങ്ങൾ, ആരാധനാരീതികൾ എന്നിവയിൽ ലഭിക്കുന്ന അവകാശങ്ങൾ ഭരണഘടനയുടെ 14-ാംഅനുച്ഛേദപ്രകാരമുള്ള ലിംഗസമത്വവുമായി പരിശോധന പാടില്ലെന്ന സുപ്രധാന നിലപാടും കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കും.

ഹിന്ദുമതത്തിന്റെ പല ആരാധനാലയങ്ങളിലും ഇത്തരം ചില പ്രത്യേകതകൾ ഉള്ള കാര്യവും കേന്ദ്രം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയേക്കും. കേരളത്തിലെ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല, ചക്കുളത്ത് കാവിലെ നാരി പൂജ, പുഷ്‌കറിലെ ബ്രഹ്‌മ ക്ഷേത്രത്തിലെ ആചാരങ്ങൾ എന്നിവയാണ് കോടതിയുടെ ശ്രദ്ധയിൽ പെടുത്താൻ ആലോചിക്കുന്നത്. ഭരണഘടനയുടെ 26-ാം അനുച്ഛേദ പ്രകാരമുള്ള അവകാശങ്ങൾ മതത്തിന് മാത്രമല്ല, മത വിഭാഗങ്ങൾക്ക് കൂടി ഉളളതാണെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വാദിക്കും.

മതാചാരങ്ങളിലെ മാറ്റവും, പരിഷ്‌കാരങ്ങളും കൊണ്ട് വരാനുള്ള അധികാരം സമൂഹത്തിനും, നിയമനിർമാണ സഭയ്ക്കും ആണെന്നും സർക്കാർ കോടതിയിൽ വിശദീകരിക്കും.

Content Highlights: Central government to argue that courts lack the authority to decide on religious practices., Emphasis on religious freedom under Articles 25 and 26 of the Constitution