ചരിത്രത്തിലാദ്യം; ഡോളറിനെതിരേ രൂപയുടെ മൂല്യം ആദ്യമായി 90 തൊട്ടു, നഷ്ടക്കഥ തുടരുന്നു

#ന്യൂസ് ഡെസ്ക്
Photo: PTI
Photo: PTI

മുംബൈ: ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ നഷ്ടം തുടർക്കഥ. ചരിത്രത്തിലാദ്യമായി വ്യാപാരത്തിനിടെ ചൊവ്വാഴ്ച ഡോളറൊന്നിന് 90 രൂപ രേഖപ്പെടുത്തി. ഡോളറൊന്നിന് 89.70 രൂപ നിരക്കിലാണ് ചൊവ്വാഴ്ച വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെയിത് 47 പൈസയുടെ നഷ്ടവുമായി 90 രൂപയിലേക്ക് ഇടിയുകയായിരുന്നു. പിന്നീട് ഏതാനും പൈസയുടെ മുന്നേറ്റം പ്രകടമാക്കിയെങ്കിലും പ്രാഥമിക കണക്കുകളനുസരിച്ച് 43 പൈസയുടെ നഷ്ടവുമായി ഡോളറൊന്നിന് 89.96 രൂപ നിരക്കിലാണ് ദിവസം അവസാനിപ്പിച്ചത്. ക്ലോസിങ്ങിലെ ഏറ്റവും താഴ്ന്നനിരക്കാണിത്. തിങ്കളാഴ്ച 89.53 നിലവാരത്തിലായിരുന്നു ക്ലോസിങ്.

വിപണിയിൽ ഊഹക്കച്ചവടക്കാർ കൂടുതലായി ഇടപെടുന്നത് രൂപയുടെ മൂല്യത്തെ ബാധിക്കുന്നതായി വിനിമയവിപണിയുമായി ബന്ധപ്പെട്ടവർ സൂചിപ്പിച്ചു. ഇറക്കുമതിക്കായി ഡോളറിന്റെ ആവശ്യമുയരുന്നതാണ് സമ്മർദത്തിനുള്ള മറ്റൊരു കാരണം. ഇന്ത്യയുമായി വ്യാപാരമിച്ചമുണ്ടായിരുന്ന അമേരിക്കയിലേക്കുള്ള കയറ്റുമതി കുറഞ്ഞത് ഇന്ത്യയിൽ ഡോളർ വരവ് കുറയ്ക്കുന്നു. ഇതും രൂപയുടെ മൂല്യശോഷണത്തിനു കാരണമാകുന്ന ഘടകമാണ്.

ഓഹരിവിപണിയിൽ വിദേശനിക്ഷേപകസ്ഥാപനങ്ങൾ വിൽപ്പന തുടരുകയാണ്. എൻഎസ്ഡിഎലിന്റെ കണക്കുപ്രകാരം ഡിസംബറിൽ രണ്ടുദിവസംകൊണ്ട് 4335 കോടി രൂപയുടെ ഓഹരികളാണ് ഇവർ വിറ്റഴിച്ചത്. ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറിലെ അനിശ്ചിതത്വമാണ് ഓഹരിവിപണിയിലെ ഇവരുടെ പിന്മാറ്റത്തിനുകാരണം. ചൊവ്വാഴ്ച സെൻസെക്സ് 503.63 പോയിന്റും നിഫ്റ്റി 143.55 പോയിന്റുമാണ് ഇടിഞ്ഞത്.

Content Highlights: Indian Rupee Hits Historic Low Against US Dollar: What's Behind the Decline?