രഹസ്യ സ്വഭാവമുള്ള റിപ്പോർട്ടുകൾ നൽകരുത്; വിവരാവകാശ നിയമത്തിലും കേന്ദ്രത്തിന്റെ കത്തിവെക്കൽ

#സി.പി. ശ്രീഹര്‍ഷന്‍
Photo: AI generated image
Photo: AI generated image

ന്യൂഡൽഹി: യു.പി.എ. ഭരണകാലത്ത് നടപ്പാക്കിയ വിവരാവകാശനിയമം പുനഃപരിശോധിക്കാൻ നിർദേശിച്ച് സാമ്പത്തികസർവേ. രഹസ്യസ്വഭാവമുള്ള റിപ്പോർട്ടുകളും കരട് അഭിപ്രായങ്ങളും വിവരാവകാശനിയമപ്രകാരം നൽകരുതെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തികസർവേ നിർദേശിക്കുന്നത്. ഇങ്ങനെ വിട്ടുനൽകേണ്ടിവരുന്നത് ഭരണനിർവഹണത്തെ തടസ്സപ്പെടുത്തുന്നുവെന്നാണ് കണ്ടെത്തൽ. വിവരാവകാശനിയമത്തെ സാരമായി ബാധിക്കുന്ന നിർദേശമാണിതെന്ന് വിലയിരുത്തുന്നു.

യു.പി.എ. ഭരണകാലത്ത് നടപ്പാക്കിയ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദാക്കിയതിനുപിന്നാലെയാണ് സാമ്പത്തിക അവലോകനരേഖയിൽ പുതിയ ശുപാർശയെന്നത് ശ്രദ്ധേയമാണ്. അധികാരസ്ഥാപനങ്ങളിൽ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാനും അഴിമതി തടയാനും ജനാധിപത്യപ്രക്രിയയിൽ ജനങ്ങളുടെ പങ്കാളിത്തം കൂട്ടാനും ലക്ഷ്യമിട്ടാണ് 2005-ൽ വിവരാവകാശനിയമം കൊണ്ടുവന്നത്. ഇതിൽ കാലോചിതമായ പുനഃപരിശോധന ആവശ്യമാണെന്നും നിയമത്തിന്റെ യഥാർഥലക്ഷ്യം നിറവേറ്റാനുതകുന്ന വിധത്തിൽ പരിഷ്‌കരണം വേണമെന്നും നിർദേശിക്കുന്നു.

ഒരു നയതീരുമാനം അന്തിമമാക്കുന്നതിന് മുന്നോടിയായി നടക്കുന്ന ചർച്ചകളുടെ കുറിപ്പുകളും കരട് നിർദേശങ്ങളും പുറത്തുവിടുന്നത് ഒഴിവാക്കണം. സർവീസ് രേഖകൾ, സ്ഥലംമാറ്റം, രഹസ്യറിപ്പോർട്ടുകൾ തുടങ്ങി പൊതുജനങ്ങളെ നേരിട്ടുബാധിക്കാത്ത വിഷയങ്ങളെ വിവരാവകാശ നിയമത്തിൽനിന്നൊഴിവാക്കണം.

നയതീരുമാനങ്ങളുടെ വിശ്വാസ്യത സംരക്ഷിച്ചുനിർത്തി നിയമം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോവുകയാണ് ലക്ഷ്യം. ഇതൊരു നിർദേശംമാത്രമാണെന്നും സർവേ പറയുന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ഇതാവശ്യമാണെന്നും പറയുന്നു.

ഉത്തരവാദിത്വമുള്ള പൗരരെ വളർത്തിയെടുക്കുന്നതിന് സഹായിക്കുന്ന വിവരങ്ങൾ പുറത്തുവിടാം. അതേസമയം, ഔദ്യോഗികമായ ചില സ്വകാര്യതകൾ സംരക്ഷിക്കപ്പെടണം. ഇതുരണ്ടും ഒരുമിപ്പിച്ച് പോകുമ്പോഴാണ് വിവരാവകാശനിയമത്തിന്റെ ലക്ഷ്യം പൂർത്തീകരിക്കപ്പെടുന്നത്.

പൗരരുടെ അറിയാനുള്ള അവകാശം ഇന്ത്യയുടെമാത്രം സവിശേഷമായ കാര്യമല്ല. ലോകത്തെ ആദ്യത്തെ അറിയാനുള്ള സ്വാതന്ത്ര്യനിയമം നടപ്പാക്കിയത് 1766-ൽ സ്വീഡനാണ്. 1966-ൽ യു.എസും 2000-ത്തിൽ യു.കെ.യും ഇത് നടപ്പാക്കിയെന്നും സർവേയിൽ ചൂണ്ടിക്കാട്ടി.

Content Highlights: India`s Economic Survey suggests reviewing the RTI Act, proposing exclusions for sensitive reports and policy drafts, raising transparency concerns.