OTT പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം നിരീക്ഷിക്കാൻ ആർഎസ്എസ്; 'സാംസ്‌കാരിക അധഃപതനം' തടയാൻ നീക്കം

#ന്യൂസ് ഡെസ്ക്
മോഹൻ ഭാഗവത് | Photo: PTI
മോഹൻ ഭാഗവത് | Photo: PTI

ന്യൂഡൽഹി: ഒ.ടി.ടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം നിരീക്ഷിക്കാനൊരുങ്ങി ആർഎസ്എസ്. ഇതിനായി മുൻവൈസ് ചാൻസലർമാർ ഉൾപ്പെട്ട സംഘത്തിന് രൂപം നൽകി. 'സാംസ്‌കാരിക അധഃപതനം' തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായാണ് എന്ന വാദമുയർത്തിയാണ് നടപടി. തിയേറ്റർ സിനിമകൾക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ഉള്ളതുപോലെ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കും നിയന്ത്രണ സംവിധാനമോ സെൻസർഷിപ്പോ വേണമെന്നാണ് സമിതിയുടെ പ്രധാന നിർദ്ദേശം.

മുൻ വൈസ് ചാൻസലർമാർ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖർ, ആർഎസ്എസ് പ്രചാരകർ തുടങ്ങിയവർ ഉൾപ്പെടുന്നതാണ് ആർഎസ്എസിന്റെ ഈ അനൗദ്യോഗിക സമിതി. ഒ.ടി.ടിയിലെ ഉള്ളടക്കങ്ങൾ മൂലം കുടുംബങ്ങൾക്കും യുവതലമുറയ്ക്കും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ സമിതി പഠിക്കും. ഇവ തടയാൻ നിയമപരമായ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് സമിതി തയ്യാറാക്കുന്ന നിർദ്ദേശങ്ങൾ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനും ബന്ധപ്പെട്ട അധികാരികൾക്കും സമർപ്പിക്കും. നിയമ വിദഗ്ധരുമായി കൂടുതൽ കൂടിയാലോചനകൾ നടത്തിയ ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് നൽകുക. 

കുടുംബ മൂല്യങ്ങൾ സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന ആർ.എസ്.എസിന്റെ 'കുടുംബ ബോധൻ' വിഭാഗത്തിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കമെന്നാണ് വിവരം. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെ ചില ഉള്ളടക്കങ്ങൾ സമൂഹത്തിൽ 'ധാർമ്മിക അധഃപതനത്തിന്' കാരണമാകുന്നുവെന്ന് 2024 ഒക്ടോബറിലെ വിജയദശമി പ്രസംഗത്തിൽ ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവതും ചൂണ്ടിക്കാട്ടിയിരുന്നു.

സിനിമ തിയേറ്ററുകളിലെ ചിത്രങ്ങൾക്ക് 1952-ലെ സിനിമാറ്റോഗ്രാഫ് ആക്ട് പ്രകാരം സെൻസർ ബോർഡ് അനുമതി നിർബന്ധമാണ്. എന്നാൽ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് പ്രത്യേക സെൻസർഷിപ്പ് ബോർഡുകളില്ല. ഇവ 2021-ലെ ഇൻഫർമേഷൻ ടെക്നോളജി ചട്ടങ്ങൾ പ്രകാരമാണ് പ്രവർത്തിക്കുന്നത്. അശ്ലീല ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതിനും ഐ.ടി നിയമ ലംഘനങ്ങൾക്കും തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 50 ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ കേന്ദ്ര സർക്കാർ നിരോധിക്കുകയോ തടയുകയോ ചെയ്തിട്ടുണ്ടെന്ന് വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എൽ. മുരുഗൻ അടുത്തിടെ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.

Content Highlights: RSS forms an unofficial committee of former VCs and experts to monitor OTT content., Proposes a Censor Board-like regulatory mechanism for streaming platforms to prevent cultural pollution., Report to be submitted to the Union Ministry of Culture after legal consultations., Current OTT platforms operate under IT Rules 2021, lacking strict pre-screening like theatrical films.