'കമ്പനികളുടെ ദിവസേനയുള്ള നടത്തിപ്പിൽ പങ്കാളിത്തമില്ല'; PF തട്ടിപ്പ് ആരോപണം നിഷേധിച്ച് ഉത്തപ്പ

ന്യൂഡൽഹി: പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്ക്കെതിരെ കഴിഞ്ഞദിവസമാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പി.എഫ് റീജിയണൽ കമ്മീഷണർ ശദാക്ഷരി ഗോപാൽ റെഡ്ഡിയാണ് പുലകേശി നഗർ പോലീസിനോട് വേണ്ട നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇപ്പോഴിതാ ആരോപണത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തപ്പ. കമ്പനികളിൽ തനിക്ക് എക്‌സിക്യൂട്ടീവ് പദവികളുണ്ടായിരുന്നില്ലെന്നും ബിസിനസിലെ ദിവസേനയുള്ള നടത്തിപ്പിലും പങ്കാളിത്തമുണ്ടായിരുന്നില്ലെന്ന് ഉത്തപ്പ പറഞ്ഞു. സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് താരം ആരോപണങ്ങളിൽ വിശദീകരണവുമായി രംഗത്തുവന്നത്.
കമ്പനികളില്‍ ലോണിന്റെ രൂപത്തില്‍ ഞാന്‍ നല്‍കിയ സാമ്പത്തികമായ സംഭാവനകള്‍ പരിഗണിച്ച് 2018-19 ലാണ് ഡയറക്ടറായി നിയമിതനാകുന്നത്. എന്നാല്‍ എനിക്ക് സജീവമായ എക്‌സിക്യൂട്ടീവ് പദവികളുണ്ടായിരുന്നില്ല. ബിസിനസിലെ ദിവസേനയുള്ള നടത്തിപ്പിലും പങ്കാളിത്തമുണ്ടായിരുന്നില്ല. ഒരു പ്രൊഫഷണല്‍ ക്രിക്കറ്റ് താരം, ടിവി അവകാരകന്‍, കമന്റേറ്റര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ സമയം കിട്ടാറില്ല. നാളിതുവരെ എനിക്ക് നിക്ഷേപമുള്ള മറ്റൊരു കമ്പനിയിലും എക്‌സിക്യൂട്ടീവ് പദവികള്‍ വഹിക്കുന്നുമില്ല. - ഉത്തപ്പ പ്രസ്താവനയില്‍ പറഞ്ഞു.
കമ്പനികളിലെ ഡയറക്ടര്‍ പദവികളില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജിവെച്ചതാണ്. പണമടക്കാത്തതിനാല്‍ പ്രൊവിഡന്റ് ഫണ്ട് അധികൃതര്‍ നോട്ടീസയച്ച സാചര്യത്തില്‍ അഭിഭാഷകസംഘം തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നിയമനടപടികളുമായി പ്രൊവിഡന്റ് ഫണ്ട് അധികൃതര്‍ മുന്നോട്ടുപോകുന്നതിനാല്‍ പ്രശ്‌നം പരിഹരിക്കാനായി എന്റെ നിയമോപദേശകര്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യും.- ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.
സെഞ്ച്വറീസ് ലൈഫ്സ്റ്റൈൽ ബ്രാണ്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു സ്ഥാപനം ഉത്തപ്പ നടത്തിയിരുന്നു. ഇവിടെ ജോലി ചെയ്യുന്നവരുടെ ശമ്പളത്തിൽ നിന്ന് നിശ്ചിത തുക പ്രൊവിഡന്റ് ഫണ്ടിലേക്ക് പിടിച്ചിരുന്നെങ്കിലും നിക്ഷേപിച്ചിരുന്നില്ല. 23 ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ കമ്പനി വെട്ടിച്ചതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതാണ് റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ കാരണം.
ഈ മാസം നാലിന് അയച്ച കത്തിൽ വാറണ്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്ന് പി.എഫ് റീജിയണൽ കമ്മീഷണർ പോലീസിനോട് അറിയിച്ചു. എന്നാൽ പുലകേശിനഗറിലെ വസതിയിൽ ഉത്തപ്പ താമസിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വാറണ്ട് തിരിച്ചയച്ചെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉത്തപ്പ കുടുംബസമേതം ദുബായിലാണ് താമസമെന്നാണ് വിവരം. റോബിൻ ഉത്തപ്പയെ ഡിസംബർ 27നകം അറസ്റ്റ് ചെയ്യാനും വാറണ്ട് തിരികെ നൽകാനുമാണ് പോലീസിന് നിർദ്ദേശം നൽകിയിട്ടുള്ളത്. അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനും നിയമപരമായ ശിക്ഷ ഉറപ്പാക്കുന്നതിനുമായി ഉത്തപ്പ എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ ഇപ്പോൾ.
Content Highlights: Robin Uthappa statement arrest warrant issued against him in EPF deposits fraud case