ബിഹാറിലെ കുട്ടി ഡോക്ടറാകണോ അതോ പിടിച്ചുപറിക്കാരനാകണോ? RJD കുഞ്ഞുങ്ങളുടെ മനസ്സിൽ വിഷംനിറയ്ക്കുന്നു- മോദി

പട്‌ന: ആര്‍ജെഡിയ്‌ക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ജെഡി കുഞ്ഞുങ്ങളുടെ മനസ്സില്‍ വിഷംനിറയ്ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സീതാമഢിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
ബിഹാറിലെ കുട്ടികള്‍ക്കുവേണ്ടി ആര്‍ജെഡി എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് തന്നെ വ്യക്തമാണൈന്ന് മോദി പറഞ്ഞു. ജംഗിള്‍ രാജിന്റെ ആളുകളുടെ പാട്ടുകളും മുദ്രാവാക്യങ്ങളും ശ്രദ്ധിക്കൂ. നിങ്ങള്‍ ഞെട്ടും. പിടിച്ചുപറിക്കാരാകണമെന്ന് നിഷ്‌കളങ്കരായ കുട്ടികളേക്കൊണ്ട് ആര്‍ജെഡിയുടെ വേദികളില്‍ പറയിപ്പിക്കുകയാണ്. ബിഹാറിലെ ഒരു കുട്ടി പിടിച്ചുപറിക്കാരനാകണോ അതോ ഡോക്ടറാകണോ? നമ്മുടെ കുട്ടികളെ പിടിച്ചുപറിക്കാരാക്കണമെന്ന് ആഗ്രഹിക്കുന്നവരെ നാം വിജയിക്കാന്‍ അനുവദിക്കുമോ?, മോദി ചോദിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 65 ശതമാനം പോളിങ് രേഖപ്പെടുത്തിയതിനേക്കുറിച്ചും മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഉയര്‍ന്ന പോളിങ് ശതമാനം ജംഗിള്‍രാജിനുള്ള 65 വോള്‍ട്ട് ഷോക്ക് ആയിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: rjd poisoning minds of children alleges narendra modi