മോദിയുടേയും അമ്മയുടേയും എഐ വീഡിയോ ഉടൻ നീക്കം ചെയ്യണം-കോണ്‍ഗ്രസ്സിനോട് ഹൈക്കോടതി

ഹീരാബെൻ മോദിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി | PTI
ഹീരാബെൻ മോദിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി | PTI

പട്‌ന: സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അമ്മയുടെയും എഐ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസിന് പട്‌ന ഹൈക്കോടതിയുടെ നിര്‍ദേശം.ആക്ടിങ് ചീഫ് ജസ്റ്റിസ് പിബി ബജന്ത്രിയുടേതാണ് നടപടി. എല്ലാ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വീഡിയോ നീക്കം ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.  

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അമ്മ ഹീരബെന്‍മോദിയേയും ഉള്‍പ്പെടുത്തിയ 36 സെക്കന്റ് ദൈര്‍ഘ്യമുള്ള എഐ വിഡിയോ സെപ്തംബര്‍ പത്തിന് ബിഹാര്‍ കോണ്‍ഗ്രസാണ് പുറത്തുവിട്ടത്. സ്വപ്നത്തില്‍ അമ്മ വന്ന് തന്നെ രാഷ്ട്രീയതാല്‍പര്യത്തിന് ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രിയോട് പറയുന്നതും അദ്ദേഹം ഞെട്ടിയുണരുന്നതുമാണ് എഐ വീഡിയോയിലുള്ളത്. 

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോയ്‌ക്കെതിരേ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ അന്തരിച്ച മാതാവിനെയും കോണ്‍ഗ്രസ് അപമാനിക്കുകയാണെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി.കോണ്‍ഗ്രസ് പാര്‍ട്ടി തരംതാഴ്ന്നോയെന്നാണ് മുതിര്‍ന്ന ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ചോദിച്ചത്. . രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനും എല്ലാ അമ്മമാരെയും അപമാനിക്കാനും ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുകയാണെന്നും വിഷയം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും ബിജെപി എംപി രാധാ മോഹന്‍ ദാസ് അഗര്‍വാളും പ്രതികരിച്ചിരുന്നു. 

അതേസമയം പ്രധാനമന്ത്രിയോടോ അദ്ദേഹത്തിന്റെ മാതാവിനോടോ ഒരു അനാദരവും കാണിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നല്‍കിയ വിശദീകരണം. ഒരു അമ്മ മകനെ ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് എങ്ങനെയാണ് അനാദരവാകുന്നതെന്നാണ് കോണ്‍ഗ്രസിന്റെ മാധ്യമ പ്രചാരണ വിഭാഗം തലവന്‍ പവന്‍ ഖേര ചോദിച്ചത്. 

Content Highlights: Remove AI video of PM and his mother from social media patna High Court to Congress