റീൽസ് ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെ കഴുത്തിൽ കയർ മുറുകി 27കാരി മരിച്ചു

ലഖ്നൗ: റീൽ ചിത്രീകരിക്കുന്നതിനിടെ കഴുത്തിൽ കയർ മുറുകി യുവതി മരിച്ചു. ഉത്തർപ്രദേശിൽ ബാന്ദ ജില്ലയിലാണ് സംഭവം.
27 വയസ്സുള്ള മോഹിനി വീട്ടിൽ വെച്ച് റീലിനുവേണ്ടി ഒരു വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നത്. തൂങ്ങിക്കിടക്കുന്ന ഒരു രംഗമാണ് മോഹിനി ചിത്രീകരിക്കാൻ ശ്രമിച്ചത്. കഴുത്തിൽ ഒരു കെട്ട് ഉണ്ടാക്കി മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നതിനായി ഒരു സ്റ്റൂളിൽ കയറി നിന്നു. വഴുതി വീണതാണോ അതോ ബാലൻസ് നഷ്ടപ്പെട്ടതാണോ എന്നത് വ്യക്തമല്ലെന്നും കഴുത്തിൽ മുറുകിയതോടെ നിമിഷങ്ങൾക്കകം മോഹിനി മരിച്ചതായും കുടുംബാംഗങ്ങൾ പറഞ്ഞു.
മോഹിനിയുടെ നാല് വയസ്സുകാരിയായ മകൾ മുറിയിൽ പ്രവേശിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അമ്മയെ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടതോടെ കുട്ടി സഹായത്തിനായി നിലവിളിച്ചു. ആ നിലവിളി കേട്ട് അയൽക്കാരെത്തി.
പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം താഴെയിറക്കിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കേസ് അന്വേഷിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പ്രാഥമിക കണ്ടെത്തലുകൾ അനുസരിച്ച് റീൽ ചിത്രീകരിക്കുന്നതിനിടെ സംഭവിച്ച ഒരു അപകടമാണിതെന്നാണ് സൂചനയെന്നും പോലീസ് വ്യക്തമാക്കി.
Content Highlights: A tragic accident occurred in Banda, UP, where a 27-year-old woman died while filming a reel. Her 4-year-old daughter discovered the scene. Police are investigating.