മലിനീകരണം നിയന്ത്രിക്കാനാകുന്നില്ലെങ്കിൽ എയർ പ്യൂരിഫയറിന്റെ GST കുറയ്ക്കൂ- വിമർശിച്ച് ഡൽഹി ഹൈക്കോടതി

#ന്യൂസ് ഡെസ്ക്
ഡൽഹിയിൽനിന്നുള്ള ദൃശ്യം | Photo: PTI
ഡൽഹിയിൽനിന്നുള്ള ദൃശ്യം | Photo: PTI

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണ വിഷയത്തിൽ രൂക്ഷവിമർശനവുമായി ഡൽഹി ഹൈക്കോടതി. നഗരത്തിലെ വായു ഗുണനിലവാര സൂചിക 'വളരെ മോശം' മുതൽ 'ഗുരുതരം' വരെ രേഖപ്പെടുത്തുന്ന ഗുരുതരമായ പൊതുജനാരോഗ്യ പ്രതിസന്ധിക്കിടെ എയർ പ്യൂരിഫയറുകൾക്കു മേൽ 18 ശതമാനം ജിഎസ്ടി ഈടാക്കുന്നതിനെ കോടതി ചോദ്യംചെയ്തു. ഇവയുടെ നികുതി എന്തുകൊണ്ട് ഉടൻ കുറയ്ക്കാനാകില്ലെന്ന കാര്യം അടിയന്തരമായി വിശദീകരിക്കാനും കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

എല്ലാ പൗരന്മാർക്കും ശുദ്ധവായു ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. നിങ്ങൾക്ക് അത് ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ ചുരുങ്ങിയപക്ഷം ചെയ്യാൻ കഴിയുന്നത് എയർ പ്യൂരിഫയറുകളുടെ ജിഎസ്ടി കുറയ്ക്കുക എന്നതാണ്, കോടതി പറഞ്ഞു. എയർ പ്യൂരിഫയറുകളെ മെഡിക്കൽ ഡിവൈസ് പട്ടികയിലുൾപ്പെടുത്താൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. എയർ പ്യൂരിഫയറുകൾ മെഡിക്കൽ ഡിവൈസ് പട്ടികയിലുൾപ്പെടുന്ന പക്ഷം അതിന്റെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമായി ചുരുങ്ങും.

പ്രതിദിനം 21,000 തവണയാണ് നാം ശ്വാസമെടുക്കുന്നതെന്നും കടുത്ത വായു മലിനീകരണത്തിന്‍റെ സാഹചര്യത്തിൽ ദൂഷ്യഫലം കണക്കാക്കി നോക്കൂവെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വായുമലിനീകരണത്തെ തുടർന്ന് ശ്വാസംമുട്ടുകയാണ് ഡൽഹി.

Content Highlights: reduce gst on air purifiers if cant fight air pollution says delhi high court