ബോംബുണ്ടാക്കാനായി മൂത്രത്തിൽ നിന്ന് യൂറിയ; ചെങ്കോട്ടയ്ക്ക് മുമ്പ് ചാവേർ ജൈന ക്ഷേത്രം തകർക്കാൻ ലക്ഷ്യമിട്ടു

#ന്യൂസ് ഡെസ്ക്
സ്ഫോടനം നടന്ന സ്ഥലത്തുനിന്നും അവശിഷ്ടങ്ങൾ മാറ്റുന്ന ഉദ്യോഗസ്ഥർ | Photo: PTI
സ്ഫോടനം നടന്ന സ്ഥലത്തുനിന്നും അവശിഷ്ടങ്ങൾ മാറ്റുന്ന ഉദ്യോഗസ്ഥർ | Photo: PTI

ന്യൂഡൽഹി: കഴിഞ്ഞ വർഷം ചെങ്കോട്ടയ്ക്ക് സമീപം 11 പേരുടെ മരണത്തിനിടയാക്കിയ കാർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി സമർപ്പിച്ച കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ആക്രമണം നടത്തിയ ഡോ. ഉമർ ഉൻ നബിയുടെ പ്രാഥമിക ലക്ഷ്യം ചെങ്കോട്ടയായിരുന്നില്ലെന്നും, ലാൽ മന്ദിർ എന്ന ജെയിൻ ക്ഷേത്രമായിരുന്നുവെന്നും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.

ഗതാഗതക്കുരുക്കിൽ പദ്ധതി മാറ്റി സ്‌ഫോടകവസ്തുക്കൾ നിറച്ച ഐ20 കാറുമായി എത്തിയ ഉമർ ഉൻ നബി ആദ്യം ലാൽ മന്ദിറിന് സമീപമാണ് വാഹനം പാർക്ക് ചെയ്യാൻ ശ്രമിച്ചത്. എന്നാൽ ഡൽഹിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കും പോലീസിന്റെ സാന്നിധ്യവും കാരണം വാഹനം മുന്നോട്ട് കൊണ്ടുപോകാനാവാതെ വൈകുന്നേരം 6:37-ഓടെ യു-ടേൺ എടുത്ത് ചെങ്കോട്ടയിലേക്ക് തിരിച്ചുവിടുകയായിരുന്നു. തുടർന്ന് വൈകുന്നേരം 6.50ന്‌ ചെങ്കോട്ടയ്ക്ക് സമീപമെത്തി സ്‌ഫോടനം നടത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.

അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാനായി സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിനായി മൂത്രത്തിൽ നിന്ന് യൂറിയ വേർതിരിച്ചെടുക്കുന്ന രീതിയാണ് പ്രതി സ്വീകരിച്ചതെന്ന് എൻഐഎ കുറ്റപത്രത്തിൽ ആരോപിക്കുന്നു. ഇയാളുടെയും കൂട്ടാളിയായ ഷാഹീൻ സയീദിന്റെയും പെൻഡ്രൈവുകളിൽ നിന്ന് യൂറിയ നൈട്രേറ്റ് ഉപയോഗിച്ച് ബോംബ് നിർമ്മിക്കുന്ന വിവരങ്ങളും മൂത്രത്തിൽ നിന്ന് യൂറിയ വേർതിരിക്കുന്നതിനുള്ള മാർഗ്ഗരേഖകളും അടങ്ങിയ പിഡിഎഫ് ഫയലുകൾ കണ്ടെടുത്തിട്ടുണ്ട്.

സ്‌ഫോടനത്തിന് തൊട്ടുമുമ്പ് 11 ദിവസത്തോളം നുഹിൽ വാടകമുറിയിൽ താമസിച്ചാണ് ഉമർ ഉൻ നബി സ്‌ഫോടകവസ്തുക്കൾ തയാറാക്കിയത്. ഇയാൾ താമസിച്ചിരുന്ന മുറിയിൽ മൂത്രം നിറച്ച പോളിബാഗ് സൂക്ഷിച്ചിരുന്നത് കടുത്ത ദുർഗന്ധത്തിന് കാരണമായെന്നും, ഇതേക്കുറിച്ച് സാക്ഷിയായ സ്ത്രീ പരാതിപ്പെട്ടിരുന്നതായും എൻഐഎ വ്യക്തമാക്കുന്നു. നുഹിൽ താമസിക്കുന്നതിനിടെ പുതിയ വസ്ത്രങ്ങൾ പണം നൽകി വാങ്ങിയതും കേസിലെ നിർണായക തെളിവായി മാറി.

സ്‌ഫോടനം നടത്തുന്നതിന് മുന്നോടിയായി 2023-നും 2025-നും ഇടയിൽ 12 തവണ ഉമർ ഉൻ നബി ചെങ്കോട്ടയിൽ എത്തി കൃത്യമായ നിരീക്ഷണം നടത്തിയിരുന്നു. ഇതിൽ അവസാന സന്ദർശനം സ്‌ഫോടനത്തിന് ആറുമാസം മുമ്പ് മെയ് 1-നായിരുന്നു. ഇവിടെ എത്തി നിരീക്ഷണം നടത്തിയെന്ന് തിരിച്ചറിയാതിരിക്കാനും ഡിജിറ്റൽ തെളിവുകൾ ഉണ്ടാകാതിരിക്കാനും ഈ സന്ദർശനങ്ങളിലുടനീളം പ്രതിയും കൂട്ടാളികളും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരുന്നതായും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Content Highlights: Investigation reveals the red fort blast was not the primary target, with Lal Mandir temple initially planned for the attack. Accused used urea extracted from urine to make explosives, with detailed guides found on pen drives, investigation reveals. Umar Un Nabi conducted 12 surveillance visits to the red fort, with the last visit six months before the blast, investigation shows.