ആർ.ബി.ഐ. പലിശ കൂട്ടുമോ?; പണനയ പ്രഖ്യാപനം ഇന്ന്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.എഫ്.പി.
പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.എഫ്.പി.

മുംബൈ: റിസർവ് ബാങ്കിന്റെ ഒക്ടോബറിലെ പണനയ പ്രഖ്യാപനം ബുധനാഴ്ച. തിങ്കളാഴ്ച തുടങ്ങിയ പണനയ സമിതി യോഗത്തിലെ തീരുമാനങ്ങൾ ബുധനാഴ്ച രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും. പണപ്പെരുപ്പം ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്കിൽ കാൽശതമാനംവരെ വർധനവരുത്താനുള്ള സാധ്യതയാണ് ഇത്തവണ സാമ്പത്തികവിദഗ്‌ധർ സൂചിപ്പിക്കുന്നത്.

ഇത്തവണ കാലവർഷം മോശമാകുകയും എൽനിനോ പ്രതിഭാസംമൂലം ചൂട് രൂക്ഷമാകുമെന്ന മുന്നറിയിപ്പും മുൻനിർത്തി കാർഷികോത്പന്നങ്ങൾക്ക് വില ഉയരാനുള്ള സാധ്യത ശക്തമാണ്. അങ്ങനെവന്നാൽ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായേക്കാം. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വരൾച്ച ബാധിച്ചുതുടങ്ങിയിട്ടുണ്ട്. ഇതെല്ലാം മുൻനിർത്തി ഈ സാമ്പത്തികവർഷം അരശതമാനം പലിശ വർധിപ്പിക്കാനുള്ള സാധ്യതകളാണ് കണക്കാക്കുന്നത്.

ഇതോടൊപ്പം ഇന്ത്യയുടെ വളർച്ചാ അനുമാനത്തിൽ റിസർവ് ബാങ്ക് മാറ്റംവരുത്തിയേക്കും. ഓഗസ്റ്റിലെ പണനയത്തിൽ 6.7 ശതമാനം വളർച്ചയാണ് ആർ.ബി.ഐ. അനുമാനിച്ചിരുന്നത്. എന്നാൽ, രണ്ടാംപാദത്തിൽ വളർച്ചനിരക്ക് പ്രതീക്ഷിച്ചിരുന്നതിനെക്കാൾ മുകളിലെത്തി. ഇതോടെ വളർച്ചാ അനുമാനം ഉയർത്താൻ ആർ.ബി.ഐ. പണനയ സമിതി തീരുമാനിച്ചേക്കും. അന്താരാഷ്ട്ര റേറ്റിങ് ഏജൻസികളും ലോകബാങ്കും എ.ഡി.ബി.യുമെല്ലാം ഇതിനകം ഇന്ത്യയുടെ വളർച്ചാ അനുമാനം ഉയർത്തിയിട്ടുണ്ട്.

Content Highlights: RBI Governor Sanjay Malhotra will announce the Monetary Policy Committee (MPC) decision today at 10 AM. Financial experts anticipate a potential repo rate hike of up to 0.25% due to rising inflation concerns.Adverse weather conditions and El Niño impact pose risks of food inflation and agricultural commodity price spikes.The central bank may raise its economic growth forecast, following strong second-quarter growth performance. Major international rating agencies, the World Bank, and ADB have already upgraded India's economic growth projections.