രാമേശ്വരം കഫേ സ്‌ഫോടനം; ആസൂത്രകരില്‍ ഒരാള്‍ അറസ്റ്റില്‍, രണ്ടു പേര്‍ക്കായി തിരച്ചില്‍

ബെംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ മുഖ്യ ആസൂത്രകരില്‍ ഒരാളെ പിടികൂടി എന്‍.ഐ.എ. മൂന്ന് സംസ്ഥാനങ്ങളിലായി നടന്ന പരിശോധനകള്‍ക്കൊടുവിലാണ് മുസമ്മില്‍ ഷെരീഫ് എന്നയാളെ എന്‍.ഐ.എ. കസ്റ്റഡിയില്‍ എടുത്തത്. മറ്റുരണ്ടു പ്രതികള്‍ക്ക് മുസമ്മില്‍ സഹായം നല്‍കിയെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.
കര്‍ണാടകയിലെ 12 സ്ഥലത്തും തമിഴ്‌നാട്ടില്‍ അഞ്ചിടത്തം ഉത്തര്‍പ്രദേശില്‍ ഒരിടത്തുമാണ് ബുധനാഴ്ച എന്‍.ഐ.എ. പരിശോധന നടത്തിയത്. മാര്‍ച്ച് ഒന്നിനു നടന്ന സ്‌ഫോടനത്തില്‍ ആദ്യം ബെംഗളൂരു പോലീസും സെന്‍ട്രല്‍ ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തിയത്. പിന്നീട് മാര്‍ച്ച് മൂന്നിന് കേസ് എന്‍.ഐ.എ. ഏറ്റെടുത്തു. സ്‌ഫോടനം നടത്തിയത് മുസ്സവിര്‍ ഷസീബ് ഹുസ്സൈന്‍ എന്നയാളാണെന്ന് നേരത്തെ എന്‍.ഐ.എ. തിരിച്ചറിഞ്ഞിരുന്നു. ഗൂഢാലോചനയില്‍ പങ്കാളിയായ മറ്റൊരാള്‍ അബ്ദുള്‍ മത്തീന്‍ താഹയാമെന്നും തിരിച്ചറിഞ്ഞു. ഇവര്‍ രണ്ടു പേരും ഒളിവിലാണ്.
പ്രതികളുടെ വീടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് എന്‍.ഐ.എ. പരിശോധന നടത്തിയത്. വിവിധ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്.
Content Highlights: Rameshwaram cafe blast: NIA arrests key conspirator following massive raids in three states