രാമക്ഷേത്ര തട്ടിപ്പ്: 7000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ചമ്പത് റായിയുടെയും അനിൽ മിശ്രയുടേയും പേരുകളില്ല

ലഖ്നൗ: അയോധ്യ രാമക്ഷേത്ര നിർമാണ ഫണ്ടിലേക്ക് ലഭിച്ച സംഭാവനകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പ്രതികൾക്കെതിരെ പ്രത്യേക അന്വേഷണ സംഘം 7,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ, ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ടുകൾ, സാമ്പത്തിക രേഖകൾ, വീണ്ടെടുത്ത വസ്തുവകകൾ, സ്വത്ത് വിവരങ്ങൾ കണ്ടെത്തൽ തുടങ്ങിയ നിർണായക തെളിവുകളുടെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടി കുറ്റപത്രം തയ്യാറാക്കിയത്.
173 സാക്ഷികളെ എസ്ഐടി ചോദ്യംചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പണം എണ്ണുന്ന മുറിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘം, അനുമതിയില്ലാതെ പണം മാറ്റുകയും ഒളിപ്പിക്കുകയും ചെയ്തതായുള്ള 105 സംഭവങ്ങൾ കണ്ടെത്തുകയും അവ കുറ്റപത്രത്തിൽ പ്രധാന തെളിവുകളായി ഉൾപ്പെടുത്തുകയും ചെയ്തു.
ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്, മുൻ ട്രസ്റ്റി അനിൽ മിശ്ര എന്നിവരുടെ പേരുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാം ശങ്കർ യാദവ് (ടിന്നു) എന്നീ എട്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയും ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരവും അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 13(1)(എ) പ്രകാരവും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.