'റാലിയിലെ ജനക്കൂട്ടം വോട്ടായി മാറില്ല, അത് എനിക്കുമാത്രമല്ല വിജയ്ക്കും ബാധകം' - കമല്‍ഹാസന്‍

വിജയ് | Photo: PTI | കമൽഹാസൻ | Photo: AFP
വിജയ് | Photo: PTI | കമൽഹാസൻ | Photo: AFP

ചെന്നൈ: ഒരു നേതാവിന് വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്നു എന്നതുകൊണ്ട് ആ ജനങ്ങള്‍ മുഴുവന്‍ വോട്ടായി മാറുമെന്ന് കരുതുന്നത് ശരിയല്ലെന്ന് നടനും മക്കള്‍ നീതി മയ്യം സ്ഥാപക നേതാവുമായ കമല്‍ഹാസന്‍. പുതുതായി രൂപീകരിച്ച തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ തലവനായ നടന്‍ വിജയ്ക്കും തനിക്കും ഉള്‍പ്പെടെ രാജ്യത്തെ എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഈ തിരിച്ചറിവ് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. 

നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ റാലികളില്‍ കാണുന്ന വലിയ ജനപങ്കാളിത്തത്തെക്കുറിച്ചും, ഈ ജനക്കൂട്ടം മുഴുവന്‍ വോട്ടായി മാറില്ലെന്ന വിമര്‍ശനത്തെക്കുറിച്ചുമുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു കമല്‍. 'റാലിക്ക് എത്തുന്ന ജനങ്ങളെല്ലാം വോട്ടായി മാറില്ല. ഇത് എല്ലാ നേതാക്കള്‍ക്കും ബാധകമാണ്.' അദ്ദേഹം പറഞ്ഞു.  

ഈ നിയമം ടിവികെ അധ്യക്ഷന്‍ വിജയ്ക്കും ബാധകമാണോ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'എല്ലാ നേതാക്കള്‍ക്കും ബാധകമാണ് എന്ന് പറയുമ്പോള്‍ വിജയ്‌യെ എങ്ങനെ ഒഴിവാക്കാനാകും? ഇത് എനിക്കും ഇന്ത്യയിലെ എല്ലാ നേതാക്കള്‍ക്കും ബാധകമാണ്. നിങ്ങള്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ചിട്ടുണ്ടാകാം, എന്നാല്‍ അതെല്ലാം വോട്ടായി മാറില്ല.' 

രാഷ്ട്രീയത്തില്‍ പ്രവേശിച്ച വിജയ്ക്ക് എന്തെങ്കിലും ഉപദേശം നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, 'ശരിയായ പാതയിലൂടെ സഞ്ചരിക്കുക, ധൈര്യത്തോടെ മുന്നോട്ട് പോകുക, ജനങ്ങള്‍ക്ക് നന്മ ചെയ്യുക. ഇതാണ് എല്ലാ നേതാക്കളോടുമുള്ള എന്റെ അഭ്യര്‍ത്ഥന.' എന്നാണ് അദ്ദേഹം പറഞ്ഞത്. രാഷ്ട്രീയത്തില്‍ മാത്രമല്ല, സിനിമയിലും വിമര്‍ശനങ്ങള്‍ ഉണ്ടാകാറുണ്ടെന്നും വളര്‍ന്നുവരുന്ന നടന്മാരെയും പലരും വിമര്‍ശിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജയിന്റെ റാലികളില്‍ കാണുന്ന വലിയ ജനക്കൂട്ടം വോട്ടായി മാറില്ലെന്ന് ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍, സെപ്റ്റംബര്‍ 20-ന് തിരുവാരൂരില്‍ നടന്ന റാലിയില്‍ ഇക്കാര്യത്തെക്കുറിച്ച് വിജയ് നാടകീയമായി സംസാരിക്കുകയും ചെയ്തിരുന്നു.  തനിക്കൊരു സംശയമുണ്ട് എന്നുപറഞ്ഞാണ് വിജയ് ജനങ്ങളോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. 

'അവര്‍, എതിരാളികളും വിമര്‍ശകരും പറയുന്നത്, ഇത് വെറും ആള്‍ക്കൂട്ടമാണെന്നാണ്. ഈ ജനക്കൂട്ടം ടിവികെക്ക് വോട്ട് ചെയ്യില്ലെന്നാണ്. അത് ശരിയാണോ? ഇതൊരു വെറും ആള്‍ക്കൂട്ടമാണോ?' എന്നാണ് വിജയ് ചോദിച്ചത്. അതിന്, 'വിജയ്' എന്ന് ഉച്ചത്തില്‍ ആര്‍പ്പുവിളിച്ചുകൊണ്ടാണ് ജനക്കൂട്ടം മറുപടി നല്‍കിയപ്പേത്. അത് ടിവികെക്ക് വോട്ട് ചെയ്യുമെന്നുള്ള പ്രതിജ്ഞയായാണ്  കണക്കാക്കപ്പെട്ടത്. 

തുടര്‍ന്ന് ടിവികെ അധ്യക്ഷന്‍ ജനങ്ങള്‍ക്ക് ഹൃദയപൂര്‍വ്വം നന്ദി പറയുകയും ചെയ്തു. 'മനസ്സാക്ഷിയുള്ള ഒരു യഥാര്‍ത്ഥ ജനാധിപത്യം' കൊണ്ടുവരുകയാണ് ടിവികെയുടെ ലക്ഷ്യമെന്നാണ് വിജയ് അന്ന് ജനങ്ങളോട് പറഞ്ഞത്. 

Content Highlights: rallies crowd will not converted into votes says kamal haasan pointing on vijays rallies tamil nadu