'നിര്‍ദയവും ആക്ഷേപകരവുമായ വാക്കുകള്‍ ഉപയോഗിച്ചു', ധന്‍കറിനെച്ചൊല്ലി ഖാര്‍ഗെയും റിജിജുവും തമ്മില്‍ വാക്‌പോര്

#ന്യൂസ് ഡെസ്ക്
കിരൺ റിജിജു, മല്ലികാര്‍ജുൻ ഖാര്‍ഗെ | Photo : PTI
കിരൺ റിജിജു, മല്ലികാര്‍ജുൻ ഖാര്‍ഗെ | Photo : PTI

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിന് തിങ്കളാഴ്ച   തുടക്കമായത് രാജ്യസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രൂക്ഷമായ വാക്പോരോടെ. മുൻ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായിരുന്ന ജഗ്ദീപ് ധൻകറിൻ്റെ പദവിയൊഴിയലിനെ കുറിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജുവും കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും തമ്മിൽ ഏറ്റുമുട്ടിയതോടെ വാക്പോര് രൂക്ഷമായി.

സഭയെ അഭിസംബോധന ചെയ്യവെ, ധൻകറിൻ്റെ പെട്ടെന്നുള്ള പടിയിറക്കത്തെക്കുറിച്ച് ഖാർഗെ പരാമർശിച്ചു, പാർലമെൻ്റിൻ്റെ ചരിത്രത്തിൽ അപ്രതീക്ഷിതമായ സംഭവം എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. മുൻ ചെയർമാന് യാത്രയയപ്പ് നൽകാൻ സഭയ്ക്ക് അവസരം ലഭിക്കാത്തതിൽ ഖാർഗെ ഖേദം പ്രകടിപ്പിച്ചു. പുതിയ രാജ്യസഭാ ചെയർമാനായി സി.പി. രാധാകൃഷ്ണനെ അദ്ദേഹം സ്വാഗതം ചെയ്യുകയും പാർലമെൻ്ററി മര്യാദകൾ നിലനിർത്തുന്നതിന് പ്രതിപക്ഷ അംഗങ്ങളുടെ സഹകരണം ഉറപ്പുനൽകുകയും ചെയ്തു. രണ്ടുപക്ഷത്തെയും ഒരുപോലെ പരിഗണിക്കണമെന്നും ബിജെപി എംപിമാർക്ക് അമിത പരിഗണന നൽകരുതെന്നും ഉപരാഷ്ട്രപതിയോട് ഖാർഗെ അഭ്യർഥിച്ചു.

തൻ്റെ പ്രസംഗത്തിൽ, മുൻ രാഷ്ട്രപതി സർവേപ്പള്ളി രാധാകൃഷ്ണൻ്റെ വാക്കുകൾ ഖാർഗെ ഉദ്ധരിച്ചു: "സർക്കാരിൻ്റെ നയങ്ങളെ ന്യായമായും, സ്വതന്ത്രമായും, സത്യസന്ധമായും വിമർശിക്കാൻ പ്രതിപക്ഷ ഗ്രൂപ്പുകളെ അനുവദിക്കുന്നില്ലെങ്കിൽ ഒരു ജനാധിപത്യം സ്വേച്ഛാധിപത്യമായി അധഃപതിക്കാൻ സാധ്യതയുണ്ട് എൻ്റെ പേരിലും എല്ലാ പ്രതിപക്ഷ അംഗങ്ങളുടെ പേരിലും, രാജ്യസഭാ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത അങ്ങയെ ഹൃദയപൂർവ്വം അഭിനന്ദിക്കാനാണ് ഞാൻ ഇന്ന് എഴുന്നേറ്റുനിൽക്കുന്നത്", അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ നടത്തിയ പരാമർശങ്ങളെക്കുറിച്ചും ഖാർഗെ സൂചിപ്പിച്ചു, ശക്തമായി പ്രതികരിക്കാൻ പ്രതിപക്ഷം തയ്യാറാണെന്ന് അദ്ദേഹം സൂചന നൽകി.

പാർലമെൻ്റിൽ പ്രതിപക്ഷം ഉപയോഗിച്ച ഭാഷയെ വിമർശിച്ചുകൊണ്ട് കേന്ദ്രമന്ത്രി കിരൺ റിജിജു, ഖാർഗെയുടെ പരാമർശങ്ങളെ ശക്തമായി പ്രതിരോധിച്ചു. ധൻകറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന ഇംപീച്ച്മെന്റ് നോട്ടീസിനെ പരാമർശിച്ചായിരുന്നു റിജിജു ഖാർഗേയ്ക്കെിരെ രംഗത്ത് വന്നത്. 

"മുൻ രാജ്യസഭാ ചെയർമാനെക്കുറിച്ച് ഉപയോഗിച്ച ഭാഷ അപമാനകരമാണ്. അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള നോട്ടീസിലെ വാക്കുകൾ അപകീർത്തികരമായിരുന്നു", റിജിജു പറഞ്ഞു. പാർലമെൻ്റിലും ധൻകറിനെ നീക്കം ചെയ്യാനുള്ള ഔദ്യോഗിക നോട്ടീസിലും പ്രതിപക്ഷം നിർദയവും അപമാനകരവുമായ ഭാഷ ഉപയോഗിച്ചുവെന്ന് പാർലമെൻ്ററി കാര്യമന്ത്രി ആരോപിച്ചു. ഇത്തരം വാക്കുകൾ പദവിയുടെ അന്തസ്സിനെ ഇല്ലാതാക്കുമെന്നും രാജ്യസഭാ ചെയർമാൻ്റെ പദവി രാഷ്ട്രീയ തർക്കങ്ങൾക്ക് അതീതവും ആദരവോടെ കാണേണ്ടതുമാണെന്നും അദ്ദേഹം പറഞ്ഞു.

"മുൻ ചെയർമാനെക്കുറിച്ച് നിങ്ങൾ ഉപയോഗിച്ച ക്രൂരമായ വാക്കുകൾ. നിങ്ങൾ നൽകിയ ഇംപീച്ച്മെന്റ് പ്രമേയം , അതിൻ്റെ ഒരു പകർപ്പ് ഇപ്പോഴും ഞങ്ങളുടെ കൈവശമുണ്ട്. മുൻ ഉപരാഷ്ട്രപതിക്കെതിരെ നിങ്ങൾ ഉപയോഗിച്ച ഭാഷ. നീക്കം ചെയ്യാനുള്ള നോട്ടീസിൽ നിങ്ങൾ ഉപയോഗിച്ച വാക്കുകൾ, നിങ്ങളിരിക്കുന്ന പദവിയുടെ അന്തസ്സിനെ നിങ്ങൾ എത്രമാത്രം കളങ്കപ്പെടുത്തിയെന്ന് ചിന്തിക്കുക. ഈ ഗൗരവമേറിയ അവസരത്തിൽ, അനാവശ്യമായ കാര്യങ്ങൾ പരാമർശിക്കരുത് എന്ന് ഞാൻ അഭ്യർഥിക്കുന്നു", റിജിജു പറഞ്ഞു.

Content Highlights: Rajya Sabha`s winter session kicks off with a fierce debate between ruling and opposition parties over the former Rajya Sabha Chairman.