തൂക്കിലേറ്റാനുള്ള ഉത്തരവ് ഏഴുതവണ ലഭിച്ചു, പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചതോടെ കഥമാറി- നളിനി

നളിനി | File Photo -  Mathrubhumi archives
നളിനി | File Photo - Mathrubhumi archives

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ലെന്ന് കഴിഞ്ഞ ദിവസം ജയില്‍ മോചിതയായ നളിനി ശ്രീഹരന്‍. ഞായറാഴ്ച എന്‍.ഡി.ടി.വി.ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഭര്‍ത്താവിന്റെ സുഹൃത്തുക്കളുമായുള്ള പരിചയമാണ് തനിക്ക് കുരുക്കായതെന്നും അവര്‍ പറഞ്ഞു. കൊലപാതകത്തില്‍ പങ്കെടുത്തതില്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നളിനി.

'സത്യമായിട്ടും എനിക്ക് ഈ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ഒരു പങ്കുമില്ല. ഞാന്‍ കുറ്റക്കാരിയാണെന്ന് എനിക്കറിയാം. പക്ഷേ, എന്റെ മനഃസാക്ഷിക്കറിയാം എന്താണ് സംഭവിച്ചതെന്ന്', അവര്‍ വ്യക്തമാക്കി. ഗുഢാലോചനയില്‍ ഒരുതരത്തിലും തനിക്ക് പങ്കില്ലെങ്കിലും അത് നടത്തിയ സംഘത്തിന്റെ ഭാഗമായതിനാല്‍ താനും കുറ്റക്കാരിയായെന്നും നളിനി കൂട്ടിച്ചേര്‍ത്തു.

'എന്റെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായിരുന്നു അവര്‍. ആ നിലക്ക് അവരുമായി പരിചയമുണ്ട്. ഞാന്‍ വളരെ ഒതുങ്ങിനില്‍ക്കുന്ന വ്യക്തിത്വത്തിനുടമയാണ്. അവരുമായിട്ട് സംസാരിക്കാറൊന്നുമില്ല. അവര്‍ ആവശ്യപ്പെടുന്ന സഹായങ്ങള്‍ ചെയ്യും. കടകളിലോ തിയേറ്ററുകളിലോ ഹോട്ടലുകളിലോ ആരാധനാലയങ്ങളിലോ പോകാന്‍ പറഞ്ഞാല്‍ അവരുടെ കൂടെ പോകും. അത്രേയുള്ളൂ. അല്ലാതെ വ്യക്തിപരമായി അവരിലാരുമായും എനിക്ക് ബന്ധമില്ല. അവരുടെ കുടുംബത്തെക്കുറിച്ചോ നാടിനെക്കുറിച്ചോ ഒന്നും എനിക്കറിയില്ല', നളിനി തുടര്‍ന്നു.

2001-ല്‍ വധശിക്ഷ ഇളവ് ചെയ്യുന്നതിന് മുന്‍പ് ഏത് നിമിഷവും താന്‍ വധിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ഏഴുതവണ തൂക്കിലേറ്റാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായും നളിനി പറഞ്ഞു. തൂക്കിലേറ്റുന്നതിന് ഏഴു തവണ ബ്ലാക്ക് വാറന്റ് (വധശിക്ഷ നടപ്പാക്കുന്നതിനുള്ള ഉത്തരവ്) ലഭിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. പക്ഷേ, പ്രിയങ്ക ഗാന്ധി ജയിലില്‍ വന്ന് കൂടിക്കാഴ്ച നടത്തിയതോടെ കഥ മാറി. വളരെ ദയാലുവായിട്ടുള്ള ഒരാളാണ് അവര്‍. ശരിക്കും ഒരു മാലാഖ. അവരാണ് എന്നെ സ്വയം ബഹുമാനിക്കാന്‍ പഠിപ്പിച്ചതെന്നും നളിനി അഭിമുഖത്തില്‍ പറഞ്ഞു.

'ജയിലധികൃതര്‍ ശരിയായ രീതിയിലായിരുന്നില്ല ഞങ്ങളോട് പെരുമാറിയത്. ഉദ്യോഗസ്ഥരുടെ മുന്‍പില്‍ ഞങ്ങളെ ഇരിക്കാന്‍പോലും അനുവദിച്ചിരുന്നില്ല. നിന്ന് സംസാരിക്കേണ്ടി വന്നു. എന്നാല്‍ പ്രിയങ്ക ഗാന്ധി വന്നപ്പോള്‍ അവര്‍ എന്നെ അരികിലിരുത്തി. എന്നെ സംബന്ധിച്ച് അതൊരു വേറിട്ട അനുഭവമായിരുന്നു. എന്നെ കണ്ട ഉടനെത്തന്നെ പ്രിയങ്ക ഗാന്ധി ചോദിച്ചത് അച്ഛന്റെ കൊലപാതകത്തെക്കുറിച്ചായിരുന്നു. അതു ചോദിക്കുമ്പോള്‍ അവര്‍ വളരെ വികാരാധീനയായി കരയുന്നുണ്ടായിരുന്നു', നളിനി പറയുന്നു.

1992-ല്‍ ജയിലില്‍ ജനിച്ച്, പുറത്ത് വളര്‍ന്ന് ഇപ്പോള്‍ ലണ്ടനില്‍ ഡോക്ടറായ മകള്‍ ഹരിത്രയെക്കുറിച്ചും അവര്‍ എന്‍.ഡി.ടി.വി.യോട് പറഞ്ഞു. എന്റെ കുഞ്ഞാണവള്‍. പക്ഷേ, രണ്ടു വയസ്സ് കഴിഞ്ഞതോടെ അവള്‍ എന്നില്‍നിന്ന് അകന്നു. വേര്‍പിരിഞ്ഞതോടെ അവള്‍ക്ക് എന്നെ തീരെ ഓര്‍മയില്ലാതായി. ഇപ്പോള്‍ സംഭവിച്ചതൊക്കെ മറക്കാന്‍ ശ്രമിക്കുകയാണ് ഞങ്ങളെന്നും നളിനി പറഞ്ഞു. 2019-ല്‍ മകളുടെ വിവാഹത്തിന് നളിനിക്ക് ഒരു മാസം പരോള്‍ അനുവദിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് നളിനിയടക്കമുള്ള ആറ് പ്രതികളെയും സുപ്രീംകോടതി ഉത്തരവു പ്രകാരം മോചിപ്പിച്ചത്. നളിനിക്കു പുറമേ ഭര്‍ത്താവ് ശ്രീഹരന്‍ എന്ന മുരുകന്‍, ടി. സുധീന്ദ്ര രാജ എന്ന ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, പി. രവിചന്ദ്രന്‍ എന്നിവരെയാണ് മോചിപ്പിച്ചത്. 31 വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷമാണ് മോചനം. നളിനിയും ഭര്‍ത്താവ് മുരുകനും ഡോക്ടറായ മകള്‍ക്കൊപ്പം ലണ്ടനിലേക്ക് താമസം മാറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മേയ് 18-ന് കേസിലെ മറ്റൊരു പ്രതിയായ എ.ജി. പേരറിവാളനെയും സുപ്രീംകോടതി ഉത്തരവുപ്രകാരം മോചിപ്പിച്ചിരുന്നു.

Content Highlights: Rajiv Gandhi's assassination convict nalini says she is no role in this crime