രാജേഷ് പൈലറ്റിനെതിരായ ആരോപണം; 'BJP വ്യോമസേനയെ അധിക്ഷേപിക്കുന്നു', സച്ചിനെ പിന്തുണച്ച് ഗഹലോത്ത്

സച്ചിന്‍ പൈലറ്റ്, രാജേഷ് പൈലറ്റ്, അശോക് ഗഹലോത്ത് | ഫോട്ടോ: മാതൃഭൂമി
സച്ചിന്‍ പൈലറ്റ്, രാജേഷ് പൈലറ്റ്, അശോക് ഗഹലോത്ത് | ഫോട്ടോ: മാതൃഭൂമി

ജയ്പുര്‍: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് രാജേഷ് പൈലറ്റിനെതിരായ ബി.ജെ.പിയുടെ ആരോപണത്തില്‍ സച്ചിന്‍ പൈലറ്റിനെ അനുകൂലിച്ചും രാജേഷ് പൈലറ്റിനെ പ്രതിരോധിച്ചും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത്. രാജേഷ് പൈലറ്റിനെ അധിക്ഷേപിക്കുന്നതിലൂടെ ബി.ജെ.പി. ഇന്ത്യന്‍ വ്യോമസേനയുടെ ത്യാഗങ്ങളെ തന്നെയാണ് അവമതിക്കുന്നതെന്ന് ഗഹലോത്ത് എക്‌സി(ട്വിറ്ററില്‍) കുറിച്ചു. വളരെക്കാലമായി രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും ഗഹലോത്തും രണ്ടുചേരിയിലാണെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.

'ഇന്ത്യന്‍ വ്യോമസേനയുടെ ധീരനായ പൈലറ്റായിരുന്നു കോണ്‍ഗ്രസ് നേതാവായ രാജേഷ് പൈലറ്റ്. അദ്ദേഹത്തെ അപമാനിക്കുന്നതിലൂടെ ബി.ജെ.പി. ഇന്ത്യന്‍ വ്യോമസേനയുടെ ത്യാഗങ്ങളെ തന്നെയാണ് അവമതിക്കുന്നത്. രാജ്യം മുഴുവന്‍ ഇതിനെ അപലപിക്കണം', ഗഹലോത്ത് കുറിച്ചു.

വ്യോമസേന പൈലറ്റായിരിക്കുമ്പോള്‍ രാജേഷ് പൈലറ്റ് മിസോറമില്‍ ബോംബ് വര്‍ഷിച്ചെന്ന ആരോപണമവുമായി ബി.ജെ.പി. ഐ.ടി. സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ രംഗത്തെത്തിയിരുന്നു.1966 മാര്‍ച്ചില്‍ മിസോറാം തലസ്ഥാനമായ ഐസ്വാളില്‍ ബോംബ് വര്‍ഷിച്ച വ്യോമസേന വിമാനം പറത്തിയത് രാജേഷ് പൈലറ്റും സുരേഷ് കല്‍മാഡിയും ആണെന്നായിരുന്നു മാളവ്യയുടെ ആരോപണം. ഇരുവരും പിന്നീട് കോണ്‍ഗ്രസ് ടിക്കറ്റില്‍ എം.പിമാരാകുകയും മന്ത്രിമാരാകുകയും ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയതിന്റെ ആദരവും പ്രതിഫലവുമായിട്ടമാണ് ഇന്ദിരാഗാന്ധി ഇരുവര്‍ക്കും രാഷ്ട്രീയത്തില്‍ ഇടംനല്‍കിയതെന്നുമായിരുന്നു അമിത് മാളവ്യയുടെ ആരോപണം.

എന്നാല്‍, ബി.ജെ.പിയുടെ ആരോപണത്തിലെ വസ്തുതകളും തീയതികളും തെറ്റാണെന്ന് ചൂണ്ടിക്കാട്ടി രാജേഷ് പൈലറ്റിന്റെ മകനും രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയും പി.സി.സി. അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയിരുന്നു. വ്യോമസേന പൈലറ്റ് എന്ന നിലയില്‍ പിതാവ് ബോംബുകള്‍ വര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ അത് 1971-ല്‍ ഇന്ത്യ-പാക് യുദ്ധ സമയത്ത് കിഴക്കന്‍ പാകിസ്താനിലായിരുന്നു. അല്ലാതെ നിങ്ങള്‍ അവകാശപ്പെടുന്നതുപോലെ മിസോറാമിലല്ല. 1966 മാര്‍ച്ച് അഞ്ചിന് മിസോറാമില്‍ ബോംബ് വര്‍ഷിച്ചുവെന്നാണ് നിങ്ങള്‍ പറയുന്നത്. 1966 ഒക്ടോബര്‍ 29-നാണ് പിതാവ് രാജേഷ് പൈലറ്റ് വ്യോമസേനയില്‍ ചേര്‍ന്നതെന്ന് അതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റും പുറത്തുവിട്ടുകൊണ്ട് സച്ചിന്‍ പൈലറ്റ് ട്വിറ്ററില്‍ കുറിച്ചിരുന്നു.

1966-ല്‍ മിസോറാമില്‍ ഇന്ത്യന്‍ വ്യോമസേനയെ ഉപയോഗിച്ച അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തീരുമാനത്തെ ലോക്സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി മോദി വിമര്‍ശിച്ചിരുന്നു. സച്ചിനും ഗഹലോത്തും തമ്മിലുള്ള പോര് അവസാനിപ്പിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിന് പിന്തുണയുമായി ഗഹലോത്ത് രംഗത്തെത്തുന്നത്. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ മഞ്ഞുരുകിയെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് വിലയിരുത്തപ്പെടുന്നത്.

Content Highlights: rajesh pilot sachin pilot mizoram bombing BJP air force Ashok Gehlot rajasthan congress crisis