കോണ്‍ഗ്രസിലെ തമ്മിലടിക്ക് ജനങ്ങള്‍ വില നല്‍കേണ്ടിവരുന്നത് നിര്‍ഭാഗ്യകരം- വസുന്ധര രാജെ

ജയ്പൂർ: കോൺഗ്രസിനുള്ളിലെ തമ്മിലടിക്ക് രാജസ്ഥാനിലെ ജനങ്ങൾ വില നൽകേണ്ടിവരുന്നത് നിർഭാഗ്യകരമെന്ന് മുതിർന്ന ബിജെപി നേതാവും മുൻമുഖ്യമന്ത്രിയുമായ വസുന്ധര രാജെ. കോൺഗ്രസ് പാർട്ടിയിലെ തർക്കത്തിനിടയിലേക്ക് ബിജെപിയേയും ബിജെപി നേതാക്കളുടെയും പേര് വലിച്ചിഴക്കുന്നതിൽ അർഥമില്ലെന്നും വസുന്ധര രാജെ ട്വിറ്ററിലൂടെ വ്യക്തമാക്കി.
കോവിഡ് മഹാമാരി, വെട്ടുകിളി അക്രമണം, സ്ത്രീകൾക്കെതിരേയുള്ള അക്രമണം, വൈദ്യുതി എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ സംസ്ഥാനം നേരിടുമ്പോഴാണ് കോൺഗ്രസിലെ ഈ രാഷ്ട്രീയ തമ്മിലടിയെന്നും വസുന്ധര കുറ്റപ്പെടുത്തി. ജനങ്ങളുടെ താത്‌പര്യങ്ങളാണ് എന്തിനെക്കാളും വലുത്. കോൺഗ്രസ് ജനങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും അവർ വിമർശിച്ചു.
അശോക് ഗെഹലോത്ത് സർക്കാരിനെ താഴെയിറക്കാൻ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കാൾ എംഎൽഎമാരെ വിലക്കെടുക്കാൻ ശ്രമിച്ചുവെന്ന കോൺഗ്രസ് ആരോപണത്തിന് പിന്നാലെയാണ് കോൺഗ്രസിനെ വിമർശിച്ച് വസുന്ധര രംഗത്തെത്തിയത്. ബിജെപി നേതാക്കൾ സർക്കാരിനെതിരേ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചുള്ള ശബ്ദ സന്ദേശങ്ങളും നേരത്തെ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. കേസിൽ രാജസ്ഥാൻ അഴിമതി വിരുദ്ധ ബ്യൂറോയുടെ അന്വേഷണം പുരോഗമിക്കുകയാണ്.
content highlights:Rajasthan suffering due to discord within Congress saysVasundhara Raje
Content Highlights: