ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത: സച്ചിന്‍ പൈലറ്റിന്റെ മീഡിയ മാനേജര്‍ക്കും മാധ്യമപ്രവര്‍ത്തകനുമെതിരേ കേസ്

ജയ്പുര്‍: രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോത്ത് സര്‍ക്കാരിനെ തകര്‍ച്ചയുടെ വക്കിലെത്തിച്ച രാഷ്ട്രീയ പ്രതിസന്ധിക്കിടെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജസ്ഥാന്‍ പോലീസ് കേസെടുത്തു. സച്ചിന്‍ പൈലറ്റിന്റെ മീഡിയ മാനേജര്‍ ലോകേന്ദ്ര സിങ്, ആജ് തക്കിന്റെ എഡിറ്റര്‍ ശരത് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
അശോക് ഗെഹ്‌ലോത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എംഎല്‍എമാരില്‍ ചിലരുടെ ഫോണുകള്‍ ചോര്‍ത്തിയതായി സച്ചിന്‍ പൈലറ്റ് ക്യാമ്പ് ആരോപിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് നടപടി. നിരവധി ടിവി ചാനലുകളും പ്രാദേശിക മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ശരത് കുമാര്‍, ലോകേന്ദ്ര സിങ് എന്നിവര്‍ക്കെതിരെ മാത്രമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 505 (1), 505 (2), 120 ബി വകുപ്പുകള്‍ പ്രകാരവും ഐടി നിയമത്തിലെ 76-ാം വകപ്പ് പ്രകാരവുമാണ് ജയ്പൂരിലെ വിദ്യാക് പുരി പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തെറ്റായതോ സ്ഥിരീകരിക്കാത്തതോ ആയ വാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയവ പ്രകാരമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ലോകേന്ദ്ര സിങ്ങിനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിവരങ്ങള്‍ പ്രചരിപ്പിച്ചതായി ആരോപിക്കപ്പെടുന്ന മൊബൈല്‍, ലാപ്ടോപ്പ് ഹാജരാക്കാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എല്ലാ വാര്‍ത്താ ചാനലുകളും രാവിലെ മുതല്‍ വൈകുന്നേരം വരെ വാര്‍ത്ത നല്‍കിയിട്ടും ഒരു ചാനലിനെ മാത്രം വേര്‍തിരിക്കുന്നതെന്ന് സമന്‍സിനോട് പ്രതികരിച്ച് ശരത് കുമാര്‍ പറഞ്ഞു.
സംസ്ഥാന പോലീസിലെ ചിലരുടെ സഹായത്തോടെ ജയ്സാല്‍മീറിലെ ഹോട്ടലില്‍ താമസിക്കുന്ന ചില നിയമസഭാംഗങ്ങളുടെ ഫോണുകള്‍ ചോർത്തിയതായി ഓഗസ്റ്റ് 7 നാണ് പൈലറ്റ് ക്യാമ്പ് ആരോപിച്ചത്. എന്നാല്‍ പോലീസ് ആരോപണം നിഷേധിക്കുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.
Content Highlights: Rajasthan phone tapping case: FIR against Sachin Pilot’s media manager, journalist
Content Highlights: