ബജ്റ റൊട്ടി, വെളുത്തുള്ളി ചട്ണി; പുറത്താക്കപ്പെട്ട രാജസ്ഥാൻ MLAമാർക്ക് നിയമസഭയ്ക്കകത്ത് ഭക്ഷണം

രാജസ്ഥാൻ നിയമസഭയ്ക്കുള്ളിൽ പ്രതിഷേധസൂചകമായി കിടന്നുറങ്ങുന്ന എം.എൽ.എമാർ, ഇവർക്കുള്ള ഭക്ഷണവുമായി രാവിലെ നിയമസഭയിലേക്ക് വരുന്ന അനിൽ ശർമ എം.എൽ.എ | സ്ക്രീൻ​ഗ്രാബ്, X
രാജസ്ഥാൻ നിയമസഭയ്ക്കുള്ളിൽ പ്രതിഷേധസൂചകമായി കിടന്നുറങ്ങുന്ന എം.എൽ.എമാർ, ഇവർക്കുള്ള ഭക്ഷണവുമായി രാവിലെ നിയമസഭയിലേക്ക് വരുന്ന അനിൽ ശർമ എം.എൽ.എ | സ്ക്രീൻ​ഗ്രാബ്, X

ജയ്പുർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ട ബി.ജെ.പി. മന്ത്രിയുടെ പരാമർശത്തെത്തുടർന്ന് പ്രക്ഷുബ്ധമായിരുന്നു കഴിഞ്ഞദിവസം രാജസ്ഥാൻ നിയമസഭ. മന്ത്രിക്കെതിരെ പ്രതിഷേധിച്ച ആറ് കോൺ​ഗ്രസ് എം.എൽ.എമാരെ സസ്പെൻഡ് ചെയ്തിരുന്നു. ഇവർ കഴി‍ഞ്ഞദിവസം രാത്രി നിയമസഭയ്ക്കുള്ളിലായിരുന്നു ഉറങ്ങിയത്. ശനിയാഴ്ച രാവിലെയും നാടകീയമായ സംഭവങ്ങൾ നിയമസഭയ്ക്കകത്ത് ആവർത്തിച്ചു.

നിയമസഭയ്ക്കകത്ത് രാത്രി കഴിച്ചുകൂട്ടിയ എം.എൽ.എമാർക്ക് ഭക്ഷണവുമായി സഭയിലേക്ക് മറ്റൊരു കോൺ​ഗ്രസ് എം.എൽ.എ വന്നതാണ് നാടകീയ സംഭവപരമ്പരകളിൽ രണ്ടാംദിവസം നടന്നത്. അനിൽ ശർമ എം.എൽ.എയാണ് വിശന്നുവലഞ്ഞിരിക്കുന്ന സഹപ്രവർത്തകർക്ക് രണ്ട് വലിയ ടിഫിൻ ബോക്സുകളിലായി ഭക്ഷണമെത്തിച്ചത്. ബജ്റ ചപ്പാത്തി, ​ഗാട്ടേ കി സബ്സി, വെളുത്തുള്ളി ചട്ണി, ദം ആലൂ, ഫോ​ഗ്ളാ റൈത്ത, ഹൽവ തുടങ്ങിയവയുൾപ്പെടെ വിഭവസമൃദ്ധമായിരുന്നു ഭക്ഷണം. നിയമസഭയ്ക്കകത്തേക്ക് ഭക്ഷണവുമായി എം.എൽ.എ എത്തിയത് കൗതുകക്കാഴ്ചയുമായി. 

പ്രതിഷേധമെന്ന നിലയ്ക്കുകൂടിയായിരുന്നു ഈ സദ്യ ഒരുക്കിയത്. എം.എൽ.എമാർക്ക് സ്വന്തം വീട്ടിലുണ്ടാക്കിയ ഭക്ഷണമെത്തിക്കാൻ അനിൽ ശർമയെ പ്രേരിപ്പിച്ച മറ്റൊരു ഘടകവുമുണ്ട്. മുൻപ് രാജസ്ഥാൻ നിയമസഭ നടക്കുമ്പോൾ, പ്രത്യേകിച്ച് പ്രതിഷേധങ്ങളും മറ്റുമുണ്ടാവുമ്പോൾ പ്രതിഷേധക്കാർക്ക് സ്ഥിരമായി ഭക്ഷണമെത്തിച്ചിരുന്നത് ഇദ്ദേഹത്തിന്റെ പിതാവ് ഭൻവർലാൽ ശർമയായിരുന്നു. ആ ഭക്ഷണവും സ്വന്തം വീട്ടിലുണ്ടാക്കിയതുതന്നെയായിരുന്നു. 

കഴി‍ഞ്ഞദിവസം വർക്കിങ് വിമൻസ് ഹോസ്റ്റലുകളെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകവേ സാമൂഹ്യനീതി വകുപ്പ് മന്ത്രി അവിനാശ് ഗെഹ്‌ലോത്താണ് വിവാദമായ പരാമർശം നടത്തിയത്. 'എല്ലായ്‌പ്പോഴുമെന്ന പോലെ 2023-2024 വർഷത്തെ ബജറ്റിലും പദ്ധതിക്ക് നിങ്ങളുടെ മുത്തശ്ശിയുടെ പേരാണ് നൽകിയത്' എന്നാണ് മന്ത്രി പ്രതിപക്ഷ എം.എൽ.എമാരോട് പറഞ്ഞത്. പിന്നാലെ പ്രതിപക്ഷ നേതാവ് ടിക്കാ റാം ജുല്ലി ഇതിനെ ശക്തമായി എതിർത്തു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഉദ്ദേശിച്ചാണോ ഇത് പറഞ്ഞത് എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, പരാമർശം സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. 

പിന്നാലെ കോൺഗ്രസ് എം.എൽ.എമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ലക്ഷ്മൺഗഢ് എം.എൽ.എ. നിയമസഭാ സെക്രട്ടറിയുടെ മേശയ്ക്കരികിലെത്തുകയും മന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കോൺഗ്രസ് എം.എൽ.എമാരും നിയമസഭയിലെ മാർഷൽമാരും നേർക്കുനേർ വന്നതിനും സഭ സാക്ഷ്യം വഹിച്ചു. 'മുത്തശ്ശി' എന്ന വാക്ക് അൺപാർലമെന്ററി അല്ല എന്ന വിചിത്ര മറുപടിയാണ് പാർലമെന്ററികാര്യ മന്ത്രി പറഞ്ഞത്.

Content Highlights: Protesting Rajasthan MLAs' Buffet At Assembly