കിട്ടിയത് ഒരേയൊരു വോട്ട്; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് നാണംകെട്ട തോൽവി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

ജയ്പുർ: രാജസ്ഥാനിലെ നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി സ്ഥാനാർഥികളിലൊരാൾക്ക് ലഭിച്ചത് ഒരേയൊരു വോട്ട്. ദിദ്‌വാന-കുച്ചമൻ ജില്ലയിലെ പർബത്‌സർ മുൻസിപ്പാലിറ്റിയിലെ 13-ാം വാർഡിൽനിന്ന് ജനവിധി തേടിയ കൈലാസ് ചന്ദിനാണ് ഒരു വോട്ട് മാത്രം ലഭിച്ചത്.

കോൺഗ്രസ് സ്ഥാനാർഥിയായ ഹിന ഖനം ആണ് വാർഡിൽനിന്ന് ജയിച്ചത്. 376 വോട്ടാണ് അവർക്ക് ലഭിച്ചത്. സ്വതന്ത്രസ്ഥനാർഥിയായ റഷീദ് ഖാന് 195 വോട്ടും ലഭിച്ചു. 12-ാം വാർഡിലെ വോട്ടർ ആയിരുന്നു താനെന്നും പാർട്ടി തന്നെ അയൽവാർഡ് ആയ 13-ൽ മത്സരിപ്പിക്കുകയായിരുന്നെന്നും കൈലാസ്ചന്ദ് പറഞ്ഞു.

'എനിക്ക് ഒരു വോട്ട് ലഭിച്ചു. എനിക്ക് വോട്ട് 12-ാം വാർഡിലായിരുന്നു. 13-ാം വാർഡിലെ ആരോ ഒരാൾ എനിക്ക് വോട്ട് തന്നു’, അദ്ദേഹം പറഞ്ഞു. 25 വാർഡുകളുള്ള മുൻസിപ്പാലിറ്റിയാണ് പർബത്‌സർ. പതിമൂന്ന് വാർഡിൽ കോൺഗ്രസും പന്ത്രണ്ടിടത്ത് ബിജെപിയുമാണ് ജയിച്ചത്.

Content Highlights: A BJP candidate, Kailash Chand, received only one vote in the municipal elections in Rajasthan's Parbatsar municipality, Ward 13