’ഇന്ത്യയെ സ്നേഹിക്കുന്നുണ്ടെങ്കിൽ പിന്നെന്തിനാണ് ദുബായിൽ താമസിക്കുന്നത്’;വിവേകിനും മാധവനുമെതിരെ രാജ്

#ന്യൂസ് ഡെസ്ക്
വിവേക് ഒബ്റോയ് | Photo: PTI | രാജ് താക്കറെ | Photo: ANI | ആർ. മാധവൻ | Photo: AFP
വിവേക് ഒബ്റോയ് | Photo: PTI | രാജ് താക്കറെ | Photo: ANI | ആർ. മാധവൻ | Photo: AFP

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ ഭരണത്തെയും പിന്തുണയ്ക്കുന്ന ചലച്ചിത്ര താരങ്ങളായ വിവേക് ഒബ്റോയി, ആർ. മാധവൻ എന്നിവർക്കെതിരെ രൂക്ഷമായ വിമർശനവുമായി മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെ. മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യയിൽ 'എല്ലാം മികച്ചതാക്കി' എന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് വിവേക് ഒബ്‌റോയിയും മാധവനും ദുബായിൽ സ്ഥിരതാമസമാക്കിയത് എന്ന് അദ്ദേഹം ചോദിച്ചു.

ശനിയാഴ്ച മുംബൈയിൽ എംഎൻഎസിന്റെ വിദ്യാർത്ഥി വിഭാഗമായ മഹാരാഷ്ട്ര നവനിർമ്മാൺ വിദ്യാർത്ഥി സേന സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താരങ്ങൾ വിദേശത്ത് സ്ഥിരതാമസമാക്കുമ്പോൾ തന്നെ സർക്കാരിനെ പ്രശംസിക്കുന്ന സിനിമകളിൽ അഭിനയിക്കുന്നത് കാപട്യമാണെന്ന് അദ്ദേഹം ആരോപിച്ചു. കൂടാതെ, പ്രധാനമന്ത്രിക്കെതിരെ രാഷ്ട്രീയ പ്രതിഷേധങ്ങളിൽ ഉപയോഗിക്കുന്ന അശ്ലീല ഭാഷ തെറ്റാണെന്നും, എന്നാൽ ഇത്തരം മോശം ശൈലികൾ ആദ്യം തുടങ്ങിയത് ബിജെപിയുടെ ട്രോൾ ഗ്രൂപ്പുകളാണെന്നും അദ്ദേഹം ആക്ഷേപിച്ചു.

തന്റെ പ്രസംഗത്തിലൂടെ കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളെയും അതിനെ പിന്തുണയ്ക്കുന്നവരുടെ ഇരട്ടത്താപ്പിനെയും താക്കറെ രൂക്ഷമായി പരിഹസിച്ചു. രാജ്യത്തെ ആയിരക്കണക്കിന് വ്യവസായികൾ തങ്ങളുടെ ഭാണ്ഡം മുറുക്കി രാജ്യം വിട്ടുപോയതായും താക്കറെ ആരോപിച്ചു. 'മോദിയെക്കുറിച്ച് സിനിമയെടുക്കുകയും അതിൽ മോദിയുടെ വേഷം അവതരിപ്പിക്കുകയും ചെയ്ത വിവേക് ഓബറോയിയും ദുബായിൽ താമസിക്കാൻ പോയി.' 2019-ൽ പുറത്തിറങ്ങിയ ബയോപ്പിക്കിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

'പിഎം മോദിയെ പ്രശംസിച്ച ആർ. മാധവൻ എവിടെയാണ് താമസിക്കുന്നത്? അദ്ദേഹം ദുബായിലാണ് താമസിക്കുന്നത്. അപ്പോൾ നിങ്ങൾ ഇന്ത്യയെ അത്രയധികം സ്‌നേഹിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ പിഎം മോദിയെ സ്‌നേഹിക്കുന്നുണ്ടെങ്കിൽ, പിഎം മോദി ഇന്ത്യയെ വികസിപ്പിക്കുകയാണെന്ന് അവർ വിശ്വസിക്കുന്നുണ്ടെങ്കിൽ, പിന്നെ എന്തിനാണ് അവർ ഒരു വിദേശ രാജ്യത്ത് താമസിക്കുന്നത്? എന്തിനാണ് അവർ കുടുംബത്തോടൊപ്പം ദുബായിൽ താമസിക്കുന്നത്?' താക്കറെ ചോദിച്ചു.

'അവർ ഇവിടെ വരും, 'ധുരന്ധർ' പോലുള്ള സർക്കാർ സ്‌പോൺസർ ചെയ്ത സിനിമകളിൽ അഭിനയിക്കും, എന്നിട്ട് ദുബായിലേക്ക് തന്നെ മടങ്ങും.' അദ്ദേഹം ആരോപിച്ചു. അതേസമയം, മകന്റെ നീന്തൽ കരിയറിന് വേണ്ടിയാണ് കോവിഡ്-19 മഹാമാരിയുടെ സമയത്ത് താൻ ദുബായിലേക്ക് മാറിയതെന്ന് ആർ. മാധവൻ നേരത്തെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. തന്റെ ബിസിനസ്സ് ആവശ്യങ്ങൾക്കായാണ് താൻ ദുബായിലേക്ക് പോയതെന്ന്് വിവേക് ഓബറോയിയും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഡൽഹിയിലെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി മോദിക്കെതിരെ ഉപയോഗിച്ച ഭാഷ അനുചിതമാണെന്നും രാജ് താക്കറെ അഭിപ്രായപ്പെട്ടു.

ഇത്തരം 'വഴിതെറ്റിയ കുട്ടികളെ' ക്ഷമിച്ച് ശരിയായ പാതയിലേക്ക് നയിക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് താക്കറെ പറഞ്ഞു; 'ഞാൻ പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് യോജിക്കുന്നു. ആരും ഇത്ര താഴ്ന്ന നിലവാരത്തിലുള്ള ഭാഷ ഉപയോഗിക്കാൻ പാടില്ല. എന്നാൽ അദ്ദേഹം അത് സ്വന്തം പാർട്ടിയിലെ ആളുകളോട് വേണം ആദ്യം പറയാൻ.'

മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി മുതൽ താക്കറെ കുടുംബാംഗങ്ങളെ വരെ ബിജെപി ട്രോളുകൾ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ട്രോളുകൾ ഭയന്ന് പല നടന്മാരും അഭിപ്രായം പ്രകടിപ്പിക്കാൻ മടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ബിജെപി അനുകൂലികളെയും അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നതിൽ നിന്ന് തടയണം. ബിജെപി ട്രോൾ ടീമുകളാണ് ഇതിന് തുടക്കമിട്ടത്. വിതയ്ക്കുന്നത് തന്നെ കൊയ്യേണ്ടി വരും.' താക്കറെ പറഞ്ഞു. മറ്റുള്ളവർക്കും അമ്മമാരുണ്ടെന്നും അവരെയും അധിക്ഷേപിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീറ്റ് പേപ്പർ ചോർച്ചാ വിഷയം സിജെപി പ്രതിഷേധത്തിന് ഒരു കാരണമായെങ്കിൽ തന്നെയും, വർഷങ്ങളായി അടിഞ്ഞുകൂടിയ എല്ലാ പരാതികളുടെയും പരിസമാപ്തിയാണ് പ്രതിഷേധത്തിന് ലഭിച്ച വൻ പ്രതികരണത്തിന് കാരണമെന്നും താക്കറെ അഭിപ്രായപ്പെട്ടു.

Content Highlights: Raj Thackeray questions actors living in Dubai while praising the Indian government. Thackeray criticizes the trend of industrialists and actors leaving India. Addresses the ongoing debate on political trolling and derogatory language. Highlights the MNS stance on the CJP protests and current national grievances.