ആശ്വാസവാക്കുമായി രാഹുല്‍: അസമില്‍ പ്രളയബാധിതരെ സന്ദർശിച്ചു; പ്രതിപക്ഷനേതാവായശേഷം ആദ്യമായി മണിപ്പുരിൽ

അസമിലെത്തിയ രാഹുലിനെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്നു | Photo: AICC via ANI
അസമിലെത്തിയ രാഹുലിനെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്നു | Photo: AICC via ANI

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി പ്രളയക്കെടുതി നേരിടുന്ന അസമിലെത്തി. സില്‍ചാറിലെത്തിയ അദ്ദേഹം ലഖിംപുര്‍ ജില്ലയിലെ ദുരിതാശ്വാസക്യാമ്പിലെത്തി പ്രളയബാധിതരെ കണ്ടു. തുടര്‍ന്ന് അദ്ദേഹം മണിപ്പുരിലേക്ക് തിരിക്കും.

മണിപ്പുരില്‍ മൂന്ന് ദുരിതാശ്വാസക്യാമ്പുകള്‍ രാഹുല്‍ സന്ദര്‍ശിക്കും. കലാപബാധിതരുമായി സംവദിക്കും. തുടര്‍ന്ന് വൈകീട്ട് ആറുമണിക്ക് രാജ്ഭവനിലെത്തി ഗവര്‍ണറെ കാണും. 6.40-ന് പി.സി.സി. ഓഫീസില്‍ വാര്‍ത്താസമ്മേളനവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.

മണിപ്പുരിലേക്ക് മൂന്നാംതവണയാണ് രാഹുല്‍ഗാന്ധി എത്തുന്നത്. ലോക്‌സഭാ പ്രതിപക്ഷനേതാവായ ശേഷം ആദ്യസന്ദര്‍ശനമാണ്.

തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് അസമില്‍ വലിയ പ്രളയക്കെടുതിയാണ്. 28 ജില്ലകളിലായി 22.70 ലക്ഷം പേരാണ് മണ്ണിടിച്ചിലും പ്രളയക്കെടുതിയും മൂലം ദുരിതമനുഭവിക്കുന്നത്.

Content Highlights: Rahul Gandhi in Assam, to meet flood-affected people before going to Manipur