ഭാരത് ജോഡോയ്ക്ക് പുതിയ പതിപ്പ്; ഭാരത് ന്യായ് യാത്ര മണിപ്പൂരില്‍നിന്ന് മുംബൈയിലേക്ക്, 14ന് തുടങ്ങും

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഭാരത് ജോഡോ യാത്ര ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഭാരത് ന്യായ് യാത്ര എന്ന പേരില്‍ മണിപ്പുരില്‍ നിന്ന് മുംബൈയിലേക്കാണ് യാത്ര. ജനുവരി 14ന് ആരംഭിക്കുന്ന യാത്ര മുംബൈയില്‍ മാര്‍ച്ച് 20ന് അവസാനിക്കും.
14 സംസ്ഥാനങ്ങളിലൂടെ 65 ദിവസമെടുത്ത് 6200 കിലോമീറ്റര്‍ ദൂരത്തിലുള്ള യാത്ര 85 ജില്ലകളിലൂടെയും കടന്നുപോകും.
മണിപ്പുര്‍,നാഗാലാന്‍ഡ് അസം, മേഘാലയ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഭാരത് ന്യായ് യാത്ര കടന്നുപോകുന്നത്.
ഭാരത് ജോഡോ യാത്ര പൂര്‍ണ്ണമായും പദയാത്രയായിരുന്നെങ്കില്‍ ഭാരത് ന്യായ് യാത്ര ബസിലായിരിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു. ബസ് യാത്രയ്ക്കിടെ നടത്തവും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയായിരുന്നു നേരത്തെ രാഹുല്‍ ഭാരത് ജോഡോ യാത്ര നടത്തിയിരുന്നത്. കര്‍ണാടകത്തിലേയും തെലങ്കാനയിലേയും കോണ്‍ഗ്രസ് വിജയത്തില്‍ നിര്‍ണായക പങ്ക് ഭാരത് ജോഡോയ്ക്കുണ്ടെന്ന വിലയിരുത്തലിന് പിന്നാലെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ കിഴക്ക്-പടിഞ്ഞാര്‍ യാത്ര.
ജനുവരി 14ന് ഇംഫാലില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഭാരത് ന്യായ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.
Content Highlights: Rahul Gandhi to undertake 'Manipur to Mumbai' Bharat Nyay Yatra from January 14