ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ഉടൻ നടപടി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്നറിയിപ്പുമായി രാഹുൽ

ഗയ: ബിഹാറിലെ വോട്ടര്പട്ടികയുടെ പ്രത്യേക തീവ്രപരിശോധനയുടെ പേരില് തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആക്രമണം കടുപ്പിച്ച് പ്രതിപക്ഷനേതാവ് രാഹുല് ഗാന്ധി. ഇന്ത്യ സഖ്യം സര്ക്കാര് രൂപീകരിച്ചാല് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്ക്കും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്മാര്ക്കുമെതിരെ വോട്ട് മോഷണത്തിന് നടപടി ആരംഭിക്കുമെന്ന് രാഹുല് പറഞ്ഞു. 'വോട്ടര് അധികാര് യാത്ര'യുടെ ഭാഗമായി തിങ്കളാഴ്ച ബിഹാറിലെ ഗയയില് നടന്ന സമ്മേളനത്തിലായിരുന്നു രാഹുലിന്റെ ഭീഷണി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'വോട്ട് മോഷണം' പിടിക്കപ്പെട്ടതിന് ശേഷവും തന്നോട് സത്യവാങ്മൂലം സമര്പ്പിക്കാന് തിരഞ്ഞെടുപ്പ് പാനല് ആവശ്യപ്പെടുകയാണെന്ന് രാഹുല് പറഞ്ഞു. വോട്ട് മോഷണം, ഭാരത മാതാവിന്റെ ആത്മാവിന് നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.
'രാജ്യം മുഴുവന് നിങ്ങളോട് ഒരു സത്യവാങ്മൂലം നല്കാന് ആവശ്യപ്പെടുമെന്നാണ് എനിക്ക് തിരഞ്ഞെടുപ്പ് കമ്മീഷനോട് പറയാനുള്ളത്. ഞങ്ങള്ക്ക് കുറച്ച് സമയം തരൂ, ഓരോ നിയമസഭാ സീറ്റുകളിലെയും ലോക്സഭാ സീറ്റുകളിലെയും നിങ്ങളുടെ മോഷണം ഞങ്ങള് പിടികൂടുകയും അത് ജനങ്ങള്ക്ക് മുന്നില് അവതരിപ്പിക്കുകയും ചെയ്യും,' രാഹുല് പറഞ്ഞു.
'പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രത്യേക പാക്കേജിനെക്കുറിച്ച് സംസാരിക്കുന്നതുപോലെ, തിരഞ്ഞെടുപ്പ് കമ്മീഷന് ബിഹാറിനായി SIR എന്ന പേരില് ഒരു പ്രത്യേക പാക്കേജ് കൊണ്ടുവന്നിട്ടുണ്ട്, അതിനര്ത്ഥം വോട്ട് മോഷണത്തിന്റെ ഒരു പുതിയ രൂപം എന്നാണ്- രാഹുല് ഗാന്ധി തന്റെ പ്രസംഗത്തില് പറഞ്ഞു. ആര്ജെഡി നേതാവ് തേജസ്വി യാദവും രാഹിലുനൊപ്പം വേദിയില് ഉണ്ടായിരുന്നു.
സംസ്ഥാനത്ത് 'വോട്ട് മോഷണം' നടത്താനാവില്ലെന്ന് ബിഹാറിലെ ജനങ്ങള് തിരഞ്ഞെടുപ്പ് കമ്മീഷണര്മാരോടും ബിജെപി നേതാക്കളോടും ഒറ്റക്കെട്ടായി പറയുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, രാഹുല് ഗാന്ധിയുടെയും മറ്റ് പ്രതിപക്ഷ നേതാക്കളുടെയും അവകാശവാദങ്ങള് തെറ്റിദ്ധാരണാജനകമാണെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന് തള്ളിക്കളഞ്ഞു.
Content Highlights: rahul gandhi threatened election commission of taking action if the india alliance forms government